ജയിൽ വകുപ്പിന്റെ ഇന്ധന പമ്പുകൾക്ക് തുടക്കം; ജീവനക്കാർ നല്ലനടപ്പുകാർ

ജയിൽ അന്തേവാസികൾ ജീവനക്കാരായ പെട്രോൾ പമ്പിന് തുടക്കം. സംസ്ഥാനത്തെ നാല് ജയിലുകളിലാണ് ജയില്‍ വകുപ്പ് നേരിട്ട് നടത്തുന്ന പെട്രോള്‍ പമ്പുകള്‍ തുടങ്ങിയത്. ജയിലിലെ നല്ല നടപ്പുകാരാണ് പമ്പിലെ ജീവനക്കാർ.

ജയിലുകൾ തെറ്റുതിരുത്തൽ കേന്ദ്രങ്ങളായപ്പോൾ കുറ്റകൃത്യങ്ങളുടെ വഴിയിൽ നിന്നും ഇവർ പഴയ ജീവിതത്തിലേക്ക് അടുക്കുകയാണ്. പൂജപ്പുര ജയിലിനോട് ചേര്‍ന്നുളള ജയില്‍ വകുപ്പ് ഭൂമിയിലാണ് ജയിൽപുള്ളികൾ ജീവനക്കാരായ ആദ്യ പെട്രോള്‍ പമ്പിന് തുടക്കമായത്.  നല്ല നടപ്പുകാരായ 15 തടവുകാരെയാണ് ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. ഇവരുടെ സുരക്ഷയ്ക്ക് പൊലീസുകാരുമുണ്ട്. പൂജപ്പുരയ്ക്കു പുറമേ കണ്ണൂരിലും, വിയ്യൂരിലും, ചീമേനി ജയിലിലും പോയാല്‍ ഇനി ഇതുപോലെ ഇന്ധനം നിറയ്ക്കാം. 

ഭിന്നശേഷിക്കാർക്കടക്കം ഉപയോഗിക്കാവുന്ന ശുചിമുറി, ടയറുകളിൽ കാറ്റടിക്കാനുള്ള സൗകര്യം എന്നിവയും ഇവിടെയുണ്ട്. സംസ്ഥാനത്തെ ആറ് ജയിലുകളിൽ കൂടി പദ്ധതി വ്യാപിപിക്കാനാണ് ജയിൽ വകുപ്പിന്റെ തീരുമാനം.