കേരളത്തിൽ എത്തിയത് ‘മെറ്റൽ കറൻസി’?; കൊളംബിയൻ മാഫിയയുടെ കടത്തുകൂലി

swapna-gold
SHARE

കൊച്ചി: നയതന്ത്ര പാഴ്സലിൽ കടത്തിയ 30 കിലോഗ്രാം സ്വർണം ‘മെറ്റൽ കറൻസി’യായി ഉപയോഗിക്കാനെന്ന സൂചന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കും. ലോക്ഡൗണിൽ ശൃംഖല മുറിഞ്ഞ കുഴൽപ്പണ റാക്കറ്റുകൾ കള്ളപ്പണമായി കറൻസി നോട്ടുകളുടെ തുല്യതുകയ്ക്കുള്ള സ്വർണം കൈമാറുന്ന രീതിയെ പറ്റി ഇഡിക്ക് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ്, സിനിമ നിർമാണ രംഗത്തും പണത്തിനു പകരം സ്വർണം കൈമാറിയ സംഭവങ്ങളുടെ വിശദാംശങ്ങൾ രഹസ്യാന്വേഷണ റിപ്പോർട്ടിലുണ്ട്.

പാരിസ് ഭീകരാക്രമണക്കേസ് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയുടെ(എൻഐഎ) സഹായം തേടി കഴിഞ്ഞ വർഷം കൊച്ചിയിലെത്തിയ ഫ്രഞ്ച് പൊലീസ്, സ്വർണത്തെ മെറ്റൽ കറൻസിയായി ഭീകരർ ഉപയോഗിക്കുന്ന വിവരങ്ങൾ കൈമാറിയിരുന്നു. ഇവർക്കൊപ്പം പാരിസ് സന്ദർശിച്ച എഎസ്പി എ.പി. ഷൗക്കത്തലി ഇന്നലെ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള പ്രതി പി.എസ്. സരിത്തിനെ ചോദ്യം ചെയ്തു. സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളായ ഇഡി, ഡിആർഐ ഉദ്യോഗസ്ഥരും സരിത്തിനെ ചോദ്യം ചെയ്യും.

തീരുവ വെട്ടിച്ച് ആഭരണനിർമാണത്തിനു വേണ്ടി സ്വർണം കടത്തുന്നതും കറൻസിക്കു പകരം നൽകാൻ സ്വർണം കടത്തുന്നതും രണ്ടു രീതിയിലാണ്. ആഭരണനിർമാണത്തിനു വേണ്ടി കടത്തുന്ന സ്വർണത്തിന്റെ വില റാക്കറ്റിനു കൈമാറണം. മെറ്റൽ കറൻസിയായി ദുരുപയോഗിക്കാൻ എത്തുന്ന സ്വർണത്തിന്റെ വില റാക്കറ്റിനു നൽകേണ്ടതില്ല. പകരം വഴിവിട്ട ‘സേവന’ങ്ങളാണു റാക്കറ്റ് ആവശ്യപ്പെടുക. 

‘മെറ്റൽ കറൻസി’

കൊളംബിയൻ ലഹരിമരുന്നു മാഫിയയാണ് ഏഷ്യയിലെ കടത്തുകാർക്കുള്ള പ്രതിഫലമായി സ്വർണം നൽകാൻ തുടങ്ങിയത്. ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഖനികളിൽ നിന്നും കടത്തിക്കൊണ്ടുവരുന്ന സ്വർണ ബിസ്കറ്റുകൾ കടത്തുകൂലിയായി നൽകുന്നതായിരുന്നു ഡോളർ നൽകുന്നതിലും മാഫിയകൾക്കു ലാഭം. പിന്നീട്,  ലഹരികടത്തുകാർക്കും മെറ്റൽ കറൻസി പ്രിയപ്പെട്ടതായി.

MORE IN KERALA
SHOW MORE
Loading...
Loading...