ഡൽഹിയിൽനിന്ന് നിർദേശം, കീഴ്‌വഴക്കങ്ങൾ മറികടന്നു; എൻഐഎയുടെ ‘ട്രിപ്പിള്‍ ലോക്ക്’

swapna-nia
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സ്വർണക്കള്ളക്കടത്തു കേസിൽ ഉൾപ്പെട്ടവർ തെളിവുകൾ നശിപ്പിക്കും മുൻപു തന്നെ അതിവേഗം നീങ്ങാൻ എൻഐഎ തീരുമാനിച്ചതിന്റെ ഭാഗമായാണ് സ്വപ്ന സുരേഷിനെ കസ്റ്റഡിയിലെടുത്തതും മുൻ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ ഫ്ലാറ്റ് റെയ്ഡ് ചെയ്തതും. 

അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി രാധാകൃഷ്ണപിള്ള കളിയിക്കാവിള വെടിവയ്പു കേസിന്റെ കുറ്റപത്രം സമർപ്പിക്കാൻ ചെന്നൈയിൽ പോയിരിക്കെയാണ് ബെംഗളൂരുവിൽ പ്രതികൾ അറസ്റ്റിലായത്. ഒരു കൂടിയാലോചനയ്ക്കും കാത്തുനിൽക്കാതെ ചടുലമായി നീങ്ങാൻ എൻഐഎയ്ക്കു ഡൽഹിയിൽ നിന്നു കിട്ടിയ നിർദേശത്തിന്റെ ഭാഗമായിരുന്നു ഇത്. 

സ്വപ്നയെ പിടികൂടാൻ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഡിജിപി നിയമിച്ചതിനു തൊട്ടുപിന്നാലെയാണ് എൻഐഎ പ്രതികളെ പിടിച്ചത്.ട്രിപ്പിൾ ലോക്ഡൗണുള്ള തിരുവനന്തപുരം നഗരത്തിൽ നിന്ന് സ്വപ്നയും സംഘവും രക്ഷപെട്ടതെങ്ങനെ? അന്തർ സംസ്ഥാന യാത്രാ പാസ് സംഘടിപ്പിച്ചതെങ്ങനെ എന്നീ ചോദ്യങ്ങൾ ഉയരുന്നുണ്ട്. 

കൊച്ചിയിലുള്ള എൻഐഎ സംഘത്തിന് അതിവേഗം മറ്റു ജില്ലകളിയേക്കു നേരിട്ട് എത്താൻ കഴിയാത്തതിനാൽ തൽക്കാലം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായവും തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ശിവശങ്കറിന്റെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തിയത്. കഴിവതും വേഗം െതളിവുകൾ പരമാവധി ശേഖരിക്കാനാണ് വെള്ളിയാഴ്ച കൊച്ചിയിൽ ചേർന്ന യോഗത്തിൽ എൻഐഎ തീരുമാനമെടുത്തത്. സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും അടക്കം സിസിടിവി ദൃശ്യങ്ങൾ വരുംദിവസങ്ങളിൽ ശേഖരിക്കും. ഇവ നശിപ്പിച്ചാൽ വീണ്ടെടുക്കുന്നതിനുള്ള വിദഗ്ധരും എൻഐഎയ്ക്കുണ്ട്. 

സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസുകൾ എൻഐഎയ്ക്കു കൈമാറുമ്പോൾ കേസ് ഡയറി അടക്കമുള്ള രേഖകൾ വൈകിയാണു കൈമാറാറ്. അതിനാൽ അന്വേഷണം ആരംഭിക്കാൻ കാലതാമസമെടുക്കും. എന്നാൽ, സ്വർണക്കള്ളക്കടത്തു കേസ് കേന്ദ്ര ഏജൻസിയായ കസ്റ്റംസിൽ നിന്ന് അതിവേഗം ഏറ്റെടുക്കാൻ എൻഐഎയ്ക്കു കഴിഞ്ഞു. സ്വപ്ന ഹൈക്കോടതിയിൽ മുൻകൂർജാമ്യാപേക്ഷ നൽകിയതിനാൽ വിധി വരുംവരെ എൻഐഎ കാത്തിരിക്കുമെന്നായിരുന്നു പൊതുവിലയിരുത്തൽ.

പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയാൽ സംസ്ഥാന പൊലീസ് കോടതി വിധി വരെ അറസ്റ്റ് ഒഴിവാക്കി കാത്തിരിക്കാറാണു പതിവ്. എന്നാൽ എൻഐഎ ഇൗ കീഴ്‌വഴക്കവും മറികടന്നു. യുഎപിഎ അനുസരിച്ചു കേസെടുത്തതിനാൽ പ്രതികൾക്കു മുൻകൂർജാമ്യം നൽകാൻ കോടതിക്കു കഴിയില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഇങ്ങനെ ചെയ്തത്. ഈ ഹർജി ചൊവ്വാഴ്ചയാണ് കോടതിയിൽ ഇനി എത്തുക. പ്രതികൾ അറസ്റ്റിലായെന്ന് അന്ന് കോടതിയെ അറിയിക്കും. 

MORE IN KERALA
SHOW MORE
Loading...
Loading...