ഓണത്തിനും സൗജന്യഭക്ഷ്യകിറ്റ് നൽകാൻ സർക്കാർ; വിതരണം അടുത്തമാസം

supplyco
SHARE

കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒാണത്തിനും സൗജന്യഭക്ഷ്യകിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒാണവിഭവങ്ങളടക്കം അഞ്ഞൂറ് രൂപയുടെ കിറ്റാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. സപ്ലൈകോ നിര്‍ദേശിച്ച കിറ്റ് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അടുത്തമാസം വിതരണമുണ്ടാകും.

ലോക് ഡൗണ്‍ കാലത്തെപ്പോലെ ആയിരം രൂപയുടെ കിറ്റാണ് സപ്ലൈകോ ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍ ചെലവ് കുറയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് കിറ്റിലെ സാധനങ്ങളുടെ എണ്ണം പകുതിയായി കുറച്ചത്. ഒരു കിലോ പഞ്ചസാര, അരക്കിലോ വെളിച്ചെണ്ണ, അരക്കിലോ ചെറുപയര്‍ അല്ലെങ്കില്‍ വന്‍പയര്‍, മുളകുപൊടി ഉള്‍പ്പടെയുള്ള കറിപൗഡറുകള്‍, പായസക്കൂട്ട് തുടങ്ങി പത്തിനം സാധനങ്ങളാണ് സപ്ലൈകോ നിര്‍ദേശിച്ച കിറ്റിലുള്ളത്. നാനൂറ്റി നാല്‍പത് രൂപയുടെ സാധനങ്ങളും അറുപത് രൂപ പായ്ക്കിങ് ചാര്‍ജും ഉള്‍പ്പടെ കിറ്റൊന്നിന് അഞ്ഞൂറ് രൂപയാണ് ചെലവ്. ആകെയുള്ള എണ്‍പത്തിയെട്ട് ലക്ഷത്തി ആറായിരത്തി എണ്ണൂറ് റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് നല്‍കാന്‍ 440 കോടി രൂപ വേണ്ടി വരും. കോവിഡ് കണക്കിലെടുത്ത് പല സാധനങ്ങളും മുന്‍കൂട്ടി സ്റ്റോക്ക് ചെയ്തിട്ടുള്ളതിനാല്‍ കിറ്റ് നല്‍കാന്‍ സപ്ലൈകോയ്ക്കും  ബുദ്ധിമുട്ടില്ല. 

സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അടുത്തമാസം വിതരണം ചെയ്യാന്‍ തയാറാണെന്ന് സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തൊഴില്‍ വകുപ്പ് വഴി ഒന്നരലക്ഷത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കിറ്റ് നല്‍കാനും നടപടികളായിട്ടുണ്ട്. 26 ലക്ഷം വിദ്യാര്‍ഥികള്‍ക്കുള്ള കിറ്റ് വിതരണം സ്കൂളുകള്‍ വഴി തുടരുകയാണ്. അതേസമയം ലോക്ഡൗണ്‍ കാലത്ത് കിറ്റ് വിതരണം ചെയ്ത വകയില്‍ 94 കോടി രൂപ സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുണ്ട്. 850 കോടി രൂപയായിരുന്നു അന്നത്തെ ആകെ ചെലവ്.ഒന്നരലക്ഷത്തോളം കിറ്റ് അന്ന് അധികം വന്നെങ്കിലും അതിലെ സാധനങ്ങള്‍ സപ്ലൈകോ ഒൗട്ട്ലറ്റ് വഴി വിതരണം ചെയ്തു. 

MORE IN KERALA
SHOW MORE
Loading...
Loading...