മലബാറില്‍ അരലക്ഷത്തിലധികം പ്ലസ് വണ്‍ സീറ്റുകളുടെ കുറവ്; ആശങ്കയില്‍ വിദ്യാര്‍ഥികള്‍

മലബാറില്‍ അരലക്ഷത്തിലധികം പ്ലസ് വണ്‍ സീറ്റുകളുടെ കുറവ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ S.S.L.C പരീക്ഷയെഴുതി വിജയിച്ച മലപ്പുറത്ത് മാത്രം 23,408 സീറ്റുകള്‍ അധികം വേണം. സീറ്റുകള്‍ കൂട്ടുകയോ അധിക ബാച്ചുകള്‍ അനുവദിക്കുകയോ ചെയ്യണമെന്നതാണ് വിദ്യാർഥികളുടെയും, രക്ഷിതാക്കളുടെയും ആവശ്യം.

മലബാറില്‍ 221868 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ യോഗ്യത നേടിയത്.ഇവര്‍ക്കായി 166965 സീറ്റുകള്‍ മാത്രമാണുള്ളത്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി വിജയിച്ച മലപ്പുറത്ത് 76633 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്.അതിനാല്‍ 23408 സീറ്റുകള്‍ ജില്ലയില്‍ മാത്രം അധികം വേണം.സമാനമായ സാഹചര്യമാണ് കോഴിക്കോട് ജില്ലയിലും, വിദ്യാര്‍ത്ഥികള്‍ക്ക് ആനൂപാതികമായി ഇവിടെയും സീറ്റില്ല.

എസ്.എല്‍.സി വരെ ഗള്‍ഫുനാടുകളില്‍ പഠിച്ച് ഉപരിപഠനത്തിന് കേരളത്തെ ആശ്രയിക്കുന്നവരാണ് കൂടുതല്‍ പ്രവാസികളും.കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസികള്‍ കൂടുതല്‍ ഉള്ള മലപ്പുറത്ത് അവര്‍ക്കായുള്ള സീറ്റു കൂടി സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും.