‘കുടുംബം തകർത്തത് സ്വപ്ന; ജീവിക്കുന്നത് മകൾക്കു വേണ്ടി’; സരിതിന്റെ ഭാര്യ

sarith-swapna-wb
SHARE

സ്വപ്ന സുരേഷ് തന്റെ കുടുംബജീവിതം തകർത്തെന്ന് സ്വർണക്കള്ളക്കടത്തു കേസിലെ കൂട്ടുപ്രതി സരിത് കുമാറിന്റെ ഭാര്യ. 2 വർഷമായി ഭർത്താവുമായി അകന്നു കഴിയുകയാണ്. മകളെ വളർത്താനായി മാത്രമാണു താൻ ജീവിക്കുന്നതെന്നും അവർ പറഞ്ഞു. 

അതേ സമയം സ്വപ്നയെ ‘മാഡം’ എന്നു വിളിക്കണമെന്നു ബിസിനസ് പാർട്നർ സന്ദീപ് നിർദേശിച്ചതായി ഭാര്യ സൗമ്യയുടെ മൊഴി. സൗമ്യയെ കേസിൽ സാക്ഷിയാക്കാനാണു നീക്കം. സന്ദീപിനും സൗമ്യയ്ക്കും സ്വപ്നയെ പരിചയമുണ്ടെന്ന് സന്ദീപിന്റെ അമ്മ ഉമ പറഞ്ഞു.

അതേ സമയം  നയതന്ത്ര പാഴ്സലില്‍ കടത്തിയ കോടികളുടെ സ്വര്‍ണം കസ്റ്റംസ് പിടിക്കുമെന്നുറപ്പായപ്പോള്‍ സ്വപ്ന  സുരേഷ് സഹായത്തിനായി വിളിച്ച വ്യാപാരിയിലേക്കും നേതാവിലേക്കും അന്വേഷണം. ഇതിനെത്തുടര്‍ന്ന് കസ്റ്റംസിനെ ഏജന്‍റ് വിളിക്കുകയും ചെയ്തു. കൊച്ചി ഞാറയ്ക്കല്‍ സ്വദേശിയായ ഏജന്‍റ് കസ്റ്റംസ് സംഘടനാ നേതാവ് കൂടിയാണെന്നാണ് വിവരം. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഏജന്റിന്റെ കൊച്ചിയിലെ വസതിയും കസ്റ്റംസ് പരിശോധിച്ചു.

 സ്വർണക്കടത്തു കേസിലെ വിവാദ നായിക സ്വപ്ന സുരേഷിനെ ഏറെ ഭയപ്പെട്ടിരുന്നതായി മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുഎസിൽ ജോലി ചെയ്യുന്ന ബ്രൈറ്റ്, അബുദാബിയിൽ രാജകുടുംബത്തിലെ ഉദ്യോഗസ്ഥനായിരുന്ന പിതാവിനൊപ്പമാണു 17 വയസ്സുവരെ കഴിഞ്ഞത്.

‘ഏറെക്കാലമായി സ്വപ്നയോട് അടുപ്പമില്ല. ചെറുപ്പം മുതൽ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. കയ്യും കാലും വെട്ടുമെന്നും പിന്നെ യാചിക്കേണ്ടി വരുമെന്നും ഏറ്റവും ഒടുവിൽ നാട്ടിലെത്തിയപ്പോൾ സ്വപ്ന ഭീഷണിപ്പെടുത്തി. കുടുംബസ്വത്തു ചോദിക്കാൻ എത്തിയതാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ഭീഷണി’ – സഹോദരൻ മനോരമ ന്യൂസ് ചാനലിനോടു വെളിപ്പെടുത്തി.

‘എനിക്കു മനസ്സിലാക്കാൻ കഴിയാത്തത്ര വലിയ സ്വാധീനം സ്വപ്നയ്ക്കുണ്ടായിരുന്നു. നാട്ടിൽ തുടരുന്നത് അപകടമാണെന്ന് അടുത്ത ബന്ധുക്കൾ ഉപദേശിച്ചതോടെ ഉടൻ യുഎസിലേക്കു മടങ്ങി. വർഷങ്ങൾ കഴിഞ്ഞിട്ടും പിന്നീടു നാട്ടിൽ എത്തിയിട്ടില്ല’.

‘എന്റെ അറിവിൽ സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല. എന്നിട്ടും യുഎഇ കോൺസുലേറ്റിൽ ജോലി നേടിയത് ഒരുപക്ഷേ, അവരുടെ സ്വാധീനം ഉപയോഗിച്ചാകാം. പിതാവിന്റെ മരണശേഷവും ഞാനും ഇളയസഹോദരനും കുടുംബസ്വത്തിൽ അവകാശം ഉന്നയിച്ചിട്ടില്ല’ – ബ്രൈറ്റ് പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...