‘ആരാണ് അനീഷ്‌ ബി. രാജ്‌?’; കസ്റ്റംസിന് സിപിഎം ബന്ധം ആരോപിച്ച് പ്രതിപക്ഷം

surendran-pinarayi
SHARE

കസ്റ്റംസില്‍ പാര്‍ട്ടിക്കാര്‍ ഉണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍. 

‘കസ്റ്റംസിലും കമ്മികളുണ്ട്. അവരാണ് പ്രസ്താവനകളിറക്കുന്നത്. മുഖ്യമന്ത്രി ഇന്ന് പ്രതിരോധിക്കാൻ ശ്രമിച്ചത് ഈ ഉദ്യോഗസ്ഥന്റെ പ്രസ്താവനയുടെ ബലത്തിലാണ്. ഇദ്ദേഹം തന്നെയാണ് ഇക്കാര്യത്തിൽ ആരും പ്രതികരിക്കരുതെന്ന് ഇന്നലെ ഉത്തരവ് ഇറക്കിയത്.’ കെ.സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ ആരോപിച്ചു. ഈ ഉദ്യോഗസ്ഥൻ സിപിഎം അനുഭാവിയാണെന്ന് കോൺഗ്രസ് പ്രവർത്തകരും ആരോപിച്ചിരുന്നു. ചില സ്ക്രീൻ ഷോട്ടുകൾ സഹിതം പങ്കുവച്ചാണ് സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്. 

ടി. സിദ്ദിഖിന്റെ കുറിപ്പ് ഇങ്ങനെ: ‘ഇന്ന് മുഖ്യമന്ത്രി പത്രക്കാർക്ക്‌ മുന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാൻ കൂട്ടുപിടിച്ചിരിക്കുന്നത്‌, അനീഷ് ബി രാജ്‌ എന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണറെയാണു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് കസ്റ്റംസ്‌ പറഞ്ഞു, എന്ന വാദമാണു മുഖ്യമന്ത്രി ഉയർത്തിയത്‌. അനീഷ്‌ ബി രാജിന്റേതാണു ആ വാക്കുകൾ. അനീഷ്‌ രാജിന്റെ വാക്കുകളിൽ മുഖ്യമന്ത്രി തൂങ്ങി നിൽക്കുകയാണെങ്കിൽ ചിലത്‌ പറയാനുണ്ട്‌. ആരാണു ഈ അനീഷ്‌ ബി രാജ്‌? എറണാകുളം കോർപറേഷനിലെ 2010-15 കാലഘട്ടത്തിലെ സിപിഐഎമ്മിന്റെ കൗൺസിലറായിരുന്ന പിആർ റനീഷിന്റെ നേരെ സഹോദരനാണു. എറണാകുളം ഏരിയ കമ്മിറ്റി മെമ്പർ കൂടിയാണു പിആർ റനീഷ്‌. നഗരത്തിലെ അറിയപ്പെടുന്ന സിപിഐഎം പ്രവർത്തകൻ കൂടിയാണു. അദ്ദേഹത്തിന്റെ സ്വന്തംസഹോദരനാണെന്ന് മാത്രമല്ല; ഒരേ വീട്ടിലാണു അവർ താമസിക്കുന്നതും. അനീഷ്‌ രാജിനെ ഉപയോഗിച്ച്‌ തെളിവുകൾ മായ്ച്ച്‌ കളഞ്ഞ്‌ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണു മുഖ്യമന്ത്രി നടത്തുന്നത്‌. എത്രയും വേഗം കേസ്‌ സിബിഐക്ക്‌ കൈമാറിയാൽ അല്ലാതെ ഈ കേസ്‌ മുന്നോട്ട്‌ പോവില്ല.’ അദ്ദേഹം കുറിച്ചു.

അതേസമയം വിമാനത്താവളത്തിലെ കള്ളക്കടത്തില്‍ സര്‍ക്കാരിന് ഒന്നുംചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കള്ളക്കടത്ത് തടയാന്‍ നിയോഗിക്കപ്പെട്ട കസ്റ്റംസാണ് ക്രമക്കേട് കണ്ടെത്തേണ്ടത്. പാഴ്സല്‍ വന്നത് യുഎഇ കോണ്‍സുലേറ്റിലേക്കാണ്. കോണ്‍സുലേറ്റിന്റെ അധികാരപത്രം ഉപയോഗിച്ചാണ് ക്രമക്കേട് നടന്നത്. ഇതില്‍ സംഭവിച്ച വീഴ്ചയില്‍ സര്‍ക്കാരിന് എങ്ങനെ മറുപടി പറയാനാവും? സംസ്ഥാനസര്‍ക്കാരിന്റെ ഏതുറോളാണ് ഇവിടെ വരുന്നതെന്നും മുഖ്യമന്ത്രി രോഷത്തോടെ ചോദിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...