കൂടുതൽ വിവരങ്ങൾ നാളെ; മുഖ്യമന്ത്രിയും സ്വപ്നയും ഒരുമിച്ചുള്ള ചിത്രവുമായി സുരേന്ദ്രൻ

k-surendran-pinarayi-post
SHARE

സ്വര്‍ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ കൂടുതൽ വെളിപ്പെടുത്തൽ നാളെ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും സ്വർണക്കടത്തിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷും ഒരുമിച്ച് നിൽക്കുന്ന ചിത്രം അടക്കം പങ്കുവച്ചാണ് സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നാളെ രാവിലെ 11 മണിക്ക് കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുമെന്നാണ് കുറിപ്പിൽ പറയുന്നത്. 

രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തുമോ? 

സ്വർണക്കടത്തിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്‍റെ ബന്ധങ്ങളെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുന്നതിനിടെ ആരാണ് സ്വപ്നയെന്ന ചോദ്യവും മുഴങ്ങുന്നു. സ്വപ്നയെ സംസ്ഥാന ഐ.ടി വകുപ്പിലെ കരാർ ജീവനക്കാരിയാക്കിയത് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് മുഖേനയാണ്. ആരോപണം ഉയർന്നതോടെ സ്വപ്നയെ പിരിച്ചുവിട്ടതായി ഐ. ടി വകുപ്പ് അറിയിച്ചു. 

നയതന്ത്ര അധികാരം മറയാക്കിയുള്ള സ്വർണക്കടത്ത് ഒരു കേസ് എന്നതിനപ്പുറം രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തുകയാണ്. മുഖ്യ പ്രതിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്ന സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവരുടെ ഉന്നത ബന്ധമാണ് വിവാദത്തിന് അടിസ്ഥാനം. തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു സ്വപ്ന. 

കോൺസുലേറ്റിലെ ഉന്നത സ്വാധീനം സർക്കാർ പരിപാടികളിൽ പോലും അതിഥിയാകുന്ന തരത്തിലെ ഉന്നത ബന്ധമായി സ്വപ്ന വളർത്തി. ആറ് മാസം മുൻപ് കോൺസുലേറ്റ് ജോലി ഇല്ലാതായ സ്വപ്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ 'സംസ്ഥാന ഐ.ടി വകുപ്പിലെ സ്പെയ്സ് പാർക്കിൽ പ്രോജക്ട് കൺസൾട്ടന്റായി കരാർ നിയമനം നേടി. ഈ മൊബിലിറ്റി പദ്ധതിയിൽ ആരോപണം കേട്ട പ്രൈസ് വാട്ടർ കുപ്പേഴ്സിന്റെ ശുപാർശയിലായിരുന്നു നിയമനം. ഇതിലടക്കം മുഖ്യമന്ത്രിയുടെ ഓഫീസിനും  ഐ.ടി സെക്രട്ടറിബന്ധമെന്ന ആരോപണമാണ് ഉയരുന്നത്. വിഡിയോ കാണാം. 

സർക്കാർ ഉദ്യോഗസ്ഥയും കോൺസുലേറ്റ് മുൻ ജീവനക്കാരിയും എന്ന ഇരട്ട സ്വാധീനത്തിലായിരുന്നു  സ്വർണക്കടത്തിയ സ്വപ്നയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നും ആക്ഷേപമുണ്ട്. സ്വർണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതോടെ രാഷ്ട്രീയ ബന്ധങ്ങളും കൂടുതൽ ചർച്ചയായേക്കും.

ഇതിനിടെ, യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗേജില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ കേസില്‍ മുന്‍പിആര്‍ഒ സരിത്ത് അറസ്റ്റിലാകുകയും ചെയ്തു. കോണ്‍സുലേറ്റിലെ മുന്‍ ഐടി വിഭാഗം ജോലിക്കാരി സ്വപ്ന സുരേഷിനും ഇടപാടില്‍ പങ്കെന്ന് സരിത്തിന്റെ മൊഴി. സരിത്തുള്‍പ്പെട്ട എട്ട് ഇടപാടുകളെ കുറിച്ച്  കസ്റ്റംസിന്  വിവരം ലഭിച്ചു. സ്വര്‍ണം കടത്തിയ വകയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ കമ്മിഷന്‍ ലഭിച്ചതായും സരിത്ത്. 

ഇതിലും വലിയൊരു അധ:പതനം ഒരു വിദേശരാജ്യനയതന്ത്ര ഒാഫീസിലെ ഉദ്യോഗസ്ഥനായിരുന്നയാള്‍ക്ക് വരാനില്ല.  രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പരവിശ്വാസത്തെ കുരുതികഴിച്ചാണ് ഇയാള്‍ കോണ്‍സുലേറ്റ് ബാഗേജിനുള്ളല്‍ സ്വര്‍ണം കടത്താനുള്ള കൂട്ടുകെട്ടിന് ചൂട്ടുപിടിച്ചത്. 30 കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് യുഎസ് കോണ്‍സുലേറ്റിന്റെ അനുമതിയോടെ തിരുവനന്തപുരത്തെ ഒാഫീസിലെത്തിയ ബാഗേജില്‍ നിന്ന് കണ്ടെടുത്തത്. പതിനഞ്ച് ലക്ഷം കമ്മിഷന്‍ പറ്റിയെന്നും സരിത്ത് സമ്മതിച്ചു. മാത്രമല്ല കടത്തിന് കോണ്‍സുലേറ്റിലെ മുന്‍ഐടി ഉദ്യോഗസ്ഥ സ്വപ്ന സുരേഷിനും പങ്കുണ്ടെന്ന് സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. 

സരിത്തിന്റെ കയ്യില്‍ നിന്ന് കണ്ടെത്തിയ രേഖകളും, പിടിച്ചെടുത്ത സ്വര്‍ണവും കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗമിക്കുന്ന കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കി. കമ്മിഷന്‍ വാങ്ങി സരിത്തും സ്വപ്നയും മുമ്പും സ്വര്‍ണകടത്തിന് ഒത്താശ ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള 8 ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു കഴിഞ്ഞു. ഇതില്‍ മൂന്നിടപാടുകള്‍ നടന്നത് കോവിഡ് ലോക്ക് ഡൗണ്‍ കാലത്താണ് എന്നതും ശ്രദ്ധേയമാണ്. കോണ്‍സുലേറ്റിലെ ജോലി പോയശേഷവും സരിത് കോണ്‍സുലേറ്റിന്റെ പേരിലെത്തിയ ബാഗേജുകള്‍ സ്വീകരിച്ചെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് കള്ളക്കടത്തില്‍ പങ്കുണ്ടോ എന്ന കാര്യവും കസ്റ്റംസ് സംഘം പരിശോധിക്കുന്നുണ്ട്.   

MORE IN KERALA
SHOW MORE
Loading...
Loading...