പ്രവാസിയായ ഗര്‍ഭിണിയെ വാര്‍ഡ് മെമ്പര്‍ ഭീഷണിപ്പെടുത്തിയോ? രണ്ടു വാദങ്ങളും ഇതാ

trivandrum-pregnant-lady
SHARE

ആനത്തലവട്ടത്ത് ഗൾഫിൽനിന്നു ഹോംക്വാറന്റീനെത്തിയ ഗർഭിണിയായ യുവതിയോട് മാറിത്താമസിക്കണമെന്നാവശ്യപ്പെട്ട് വാർഡു മെമ്പറുടെ സാന്നിധ്യത്തിലെത്തിയ സംഘം ഭീഷണി മുഴക്കിയെന്ന് പരാതി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പത്തൊൻപതാം വാർഡിൽപെടുന്ന ആനത്തലവട്ടം പറമ്പുവിളാകം വീട്ടിൽ മഹേശ്വരന്റെ ഭാര്യ ആശ (31) തനിക്കു നേരെയുണ്ടായ ഭീഷണിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. സഹായത്തിനായി വിഡിയോയിലൂടെ നടത്തിയ അഭ്യർഥനയെത്തുടർന്ന് ഇവർക്കുള്ള ആഹാരസാധനങ്ങളും പൂർണ പിന്തുണയുമായി യൂത്ത്കോൺഗ്രസും രംഗത്തെത്തി. എന്നാൽ വാർഡ് മെമ്പർ പ്രസന്ന സംഭവത്തെ വിവരിക്കുന്നത് മറ്റൊരു തരത്തിലാണ്.

ഗർഭിണിയായ യുവതി പറയുന്നത്:

ഗൾഫിൽനിന്നു ഹോംക്വാറന്റീനെത്തിയ ഗർഭിണിയായ യുവതിയോട് മാറിത്താമസിക്കണമെന്നാവശ്യപ്പെട്ട് വാർഡു മെമ്പറുടെ സാന്നിധ്യത്തിലെത്തിയ സംഘം ഭീഷണി മുഴക്കി. മാറിത്താമസിക്കുന്നത് അസാധ്യമെന്ന് അറിയിച്ചപ്പോൾ ഇവരുടെ വീട്ടിലേക്കു സഹായവുമായെത്താൻ ബന്ധുക്കളെയടക്കം അനുവദിക്കില്ലെന്നും സംഘം ഭീഷണി മുഴക്കി. അങ്ങനെയെങ്കിൽ ആത്മഹത്യയല്ലാതെ തനിക്കു വേറെ മാർഗമില്ലെന്ന് യുവതി പുറത്തുവിട്ട വിഡിയോയിൽ പറയുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണു ദുബായിൽ ഭർത്താവിനൊപ്പം കഴിഞ്ഞിരുന്ന ആശ സ്വന്തം വീട്ടിലെത്തിയത്. എട്ടുമാസം ഗർഭിണിയായ യുവതി നാട്ടിലെത്തുന്നതിനു രണ്ടാഴ്ച മുൻപു ഹോം ക്വാറന്റീൻ ഒരുക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ ആശ വർക്കറുമായി ബന്ധപ്പെട്ടു. ജനമൈത്രി പൊലീസ് അടക്കമുള്ളവർക്കു വിവരങ്ങൾ കൈമാറുകയും വീട്ടിൽ താമസമുണ്ടായിരുന്ന മാതാവ് തങ്കമണി(58)യേയും ഏഴുവയസുകാരൻ മകൻ ഷംജിത്തിനേയും തൊട്ടടുത്ത ബന്ധുവീട്ടിലേക്കു മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

ഞായറാഴ്ച രാവിലെ സിപിഎം വനിതാ വാർഡുമെമ്പറുടെ നേതൃത്വത്തിലെത്തിയ സമീപവാസികളും നാട്ടുകാരുമടങ്ങുന്ന സംഘം യുവതിയോടു സർക്കാർ ക്വാറന്റീൻ സെന്ററിലേക്കു മാറണമെന്ന് ആവശ്യപ്പെട്ടു. താൻ വീട്ടിൽ‍ ഒറ്റയ്ക്കാണു കഴിയുന്നതെന്നും ഗർഭിണിയായ തനിക്കു മാറിപ്പോകാനാവില്ലെന്നും യുവതി വാർഡു മെമ്പറെ അറിയിച്ചതോടെ കൂടെയുണ്ടായിരുന്നവർ ഇവരുടെ വീട്ടിലേക്കു സഹായമെത്തിക്കാൻ ആരെയും അനുവദിക്കില്ലെന്നു ഭീഷണി ഉയർത്തി.

സംഭവം ചിറയിൻകീഴ് പൊലീസിനെ അറിയിച്ച യുവതിയോടു പരാതിയുമായി സ്റ്റേഷനിലെത്താൻ നിർദേശമുണ്ടായി. ഇതിനിടെ യുവതിയുടെ അമ്മയ്ക്കും മകനും താമസിക്കാൻ ഇടംനൽകിയ പറമ്പുവിളാകം വീട്ടിൽ തങ്കയുടെ ഹോട്ടലിലെ ജോലിയും സംഘത്തിലെ ചിലരുടെ ഇടപെടലുകളെത്തുടർന്നു അവസാനിപ്പിക്കേണ്ടിവന്നു. ആശ സംസ്ഥാന പൊലീസ് മേധാവിയെ തന്റെ ദൈന്യത ഫോണിൽ നേരിട്ടറിയിച്ചതിനെത്തുടർന്നാണു സ്ഥലത്തു പൊലീസ് എത്തിയത്. നാട്ടുകാരുടെ പരാതിയെത്തുടർന്നാണു നടപടിയെടുക്കാൻ വൈകിയതെന്നും പൊലീസ് ഇവരെ അറിയിച്ചു.

 

സംഭവിച്ചതെന്ത് മെമ്പർ പ്രസന്ന പറയുന്നതിങ്ങനെ:

സർവീസ് സഹകരണസംഘത്തിൽ നിന്നും ലഭിച്ച 1000 മാസ്ക് കൊടുക്കാൻ വാർഡിലൂടെ ആശാ വർക്കർമാർ ഉൾപ്പെടെയുള്ള കുറച്ചു പോരുമായി പോകുകയായിരുന്നു. അപ്പോഴാണ് ജനമൈത്രി പൊലീസ് വാഹനം നിർത്തിയിട്ട് നിങ്ങളുടെ വാർഡിൽ ഗർഭിണിയായ ഒരു പ്രവാസി വന്നത് അറിഞ്ഞോയെന്ന് ചോദിച്ചത്. ഞാൻ അത് നേരത്തെ അറിഞ്ഞതാണല്ലോയെന്ന് പറഞ്ഞപ്പോൾ അവർക്കെതിരെ നാട്ടുകാർ ഫോൺ വിളിച്ച് പറഞ്ഞിട്ടാണ് ഞങ്ങൾ വന്നത്. അവരുടെ വീട്ടുകാർ തുണികൾ പൊതുടാപ്പിൽ കൊണ്ടു വന്ന് കഴുകിയെന്നാണ് പരാതിയെന്നും പൊലീസ് പറഞ്ഞു. അവരോട് പുറത്തിറങ്ങരുതെന്നും പൊതുടാപ്പ് ഉപയോഗിക്കരുതെന്നും മെമ്പർ പറയണമെന്ന് പറഞ്ഞാണ് പൊലീസ് പോയത്.

പൊലീസ് പറഞ്ഞത് അനുസരിച്ച് ഞാൻ വീട്ടിന് അടുത്തു പോയി, വളരെ ദൂരെയാണ് നിന്നത്. കാരണം ഞാൻ 72 വയസുള്ള ആളാണ്. കൂടുതൽ അടുത്തു പോകുന്നത് കൂടുതൽ റിസ്കാണ്. പൊലീസ് പറഞ്ഞ കാര്യങ്ങൾ ധരിപ്പിച്ചു. അവർക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം അവിടെ എത്തിച്ചു കൊടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എല്ലാം എത്തിക്കാമെന്ന് സമ്മതിച്ചു. പക്ഷേ അടുത്ത് താമസിക്കുന്ന സഹോദരിക്കുള്ള സാധനങ്ങൾ കൂടി എത്തിക്കണമെന്നായിരുന്നു അവരുടെ ആവശ്യം – മെമ്പർ പ്രസന്ന പറയുന്നു.

അടുത്തടുത്ത് വീടുകൾക്ക് മധ്യത്തിലായി ഒരു കക്കൂസാണുള്ളത്. അവർക്ക് ബാത്റൂം അറ്റാച്ച്ഡ് റൂം ഉണ്ടോയെന്ന് എനിക്കുറപ്പില്ല. അവരുടെ യഥാർഥ വീട് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഈ രണ്ടുവീട്ടുകാരും ഒറ്റ കക്കൂസാണ് ഉപയോഗിക്കുന്നതെങ്കിൽ റിസ്ക് കൂടുതലാണ്. ആ വീട്ടിലെ മറ്റുള്ള അംഗങ്ങൾക്കും ക്വാറന്റീൻ ആവശ്യമാണ്. എന്നാൽ അവിടുത്തെ പയ്യനാണ് പാലും മറ്റും വാങ്ങാൻ പുറത്തേയ്ക്ക് പോകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഗർഭിണി ആയതുകൊണ്ടാണ് അത്ര സൗകര്യമില്ലാത്ത ഇടമായിട്ടും റൂം ക്വാറന്റീൻ അനുവദിച്ചത് അല്ലാതെ അവർ പറയുന്നത് പോലെ ഇതിൽ ഭീഷണിയുടെ സ്വരമില്ല.

 

പ്രവാസികൾ തെറ്റിധരിച്ചിരിക്കുന്നു

യുവതി വിഡിയോ പുറത്ത് വിട്ടതോടെ എന്നെ അറിയാത്ത പ്രവാസികൾ അടക്കമുള്ളവർ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. സത്യം അതല്ല. അവർ സുരക്ഷിതമായി ഇരിക്കാനുള്ള നിർദേശങ്ങളാണ് നൽകിയത്. ആ വാർഡിലെ നാട്ടുകാരോട് അന്വേഷിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. യുവതി താമസിക്കുന്ന വീടുകൾ തമ്മിൽ 3 മീറ്റർ വ്യത്യാസമാണുള്ളതെന്നും കക്കൂസ് പൊതുവായി ഉപയോഗിക്കുന്നതാണെന്ന സംശയമുണ്ടെന്നും മെമ്പർ പറയുന്നു.

പ്രചരണങ്ങൾ വളരെ നിർഭാഗ്യകരമാണ്. മറ്റുള്ളവർ രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നത്. ഒരു ഗർഭിണിയെ സഹായിക്കാൻ ശ്രമിച്ചതാണ് അതിങ്ങനെ തനിക്കെതിരെയുള്ള ദുഷ്പ്രചരണമാക്കിയപ്പോൾ തനിക്കാണ് ഇപ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നുന്നതെന്നും മെമ്പർ പ്രസന്ന വ്യക്തമാക്കുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...