വൈദ്യുതിബന്ധം താറുമാറായി; കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങിയിട്ട് മൂന്നാഴ്ച

electricclass
SHARE

വീട്ടിലേക്കുള്ള വൈദ്യുതിബന്ധം താറുമാറായതോടെ വൈക്കം ടിവിപുരത്ത് രണ്ട് കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങിയിട്ട് മൂന്നാഴ്ച. പതിനാറ് വർഷം മുൻപ് സ്ഥാപിച്ച ഭൂഗർഭ കേബിൾ മുറിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. പുതിയ കേബിള്‍ സ്ഥാപിക്കാന്‍ കെഎസ്ഇബി അനുമതി നല്‍കാത്തതും കുടുംബത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയും കുട്ടികള്‍ക്ക് വിനയായി. 

ഏഴുകണ്ടയിൽ സുകുമാരനും കുടുംബവും മൂന്നാഴ്ചയായി ഇരുട്ടില്‍ കഴിയുകയാണ്. മകനും കൊച്ചുമക്കളും ഉള്‍പ്പെടെ ആറുപേരുണ്ട് വീട്ടില്‍. വൈദ്യുതിയില്ലാത്തത് മൂലം അഞ്ചിലും രണ്ടിലും പഠിക്കുന്ന കൊച്ചുമക്കളുടെ പഠനം മുടങ്ങി. സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷിയും കുടുംബത്തിനില്ല. പോസ്റ്റ് സ്ഥാപിക്കാന്‍ കഴിയാതെ വന്നതോടെ സ്വന്തം ചെലവില്‍ ഭൂമിക്കടിയിലൂടെ കേബിളിട്ടാണ് സുകുമാരന്‍ വീട്ടില്‍ പതിനാറ് വര്‍ഷം മുന്‍പ് വൈദ്യുതി എത്തിച്ചത്. ഈ മാസം ആറിന് മണ്ണിനടിയിലൂടെയുള്ള കേബിൾ മുറിഞ്ഞ് വീട്ടിലേക്കുള്ള വൈദ്യുതി നിലച്ചു. 106 മീറ്ററോളം കേബിൾ സുകുമാരന്‍ സ്വന്തം ചെലവില്‍ മാറ്റി സ്ഥാപിക്കണം. ഇരുപതിനായിരം രൂപയോളം ഇതിന് ചെലവാകും. ആ തുകനല്‍കാനുള്ള സാമ്പത്തിക ശേഷി നിലവില്‍ കുടുംബത്തിനില്ല. 

കെഎസ്ഇബി ഭൂഗര്‍ഭ വൈദ്യുതി കണക്ഷന്‍ നിലവില്‍ നല്‍കുന്നില്ല. സമീപവാസികളുടെ സമ്മതപത്രം വേണ്ടതിനാൽ പോസ്റ്റിട്ടും വൈദ്യുതിയെടുക്കാനുള്ള മാര്‍ഗവും അടഞ്ഞു. സഹപാഠികളുടെ വീടുകളിലെത്തിയാണ് കുട്ടികള്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത്. കിണർ നിർമാണ തൊഴിലാളിയായ സുകുമാരന് നിലവിൽ ജോലിയില്ല. പെയിന്‍റിങ് തൊഴിലാളിയായ മകന്‍റെ വരുമാനം കൊണ്ടാണ് ആറംഗ കുടുംബം കഴിയുന്നത്. ഈദുരവസ്ഥ കാണിച്ച് പഞ്ചായത്തിലും ജില്ലാകലക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. 

MORE IN KERALA
SHOW MORE
Loading...
Loading...