ഒരു മണിക്കൂറിലധികം തെങ്ങിൽ തലകീഴായി തൂങ്ങി നിന്നു; ഒടുവിൽ രക്ഷ

ഒരു മണിക്കൂറിലധികം തെങ്ങില്‍ തലകീഴായി തൂങ്ങിനിന്ന തെങ്ങുകയറ്റ തൊഴിലാളിക്ക് പുനര്‍ജന്‍മം. കോഴിക്കോട് കൂത്താളിയിലാണ് അപകടത്തില്‍പ്പെട്ട പൈതോത്ത് സ്വദേശി രഘുനാഥിനെ നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്ന് രക്ഷിച്ചത്. യന്ത്ര സഹായത്താല്‍ തെങ്ങ് കയറുന്നതിനിടെ കാല്‍വഴുതി മറിയുകയായിരുന്നു. 

ഇതാണ് ജീവിതത്തിലേക്കുള്ള യഥാര്‍ഥ മടങ്ങിവരവ്. ഒരു മണിക്കൂര്‍ നേരം തെങ്ങുകയറ്റ യന്ത്രത്തില്‍ കുരുങ്ങി തലകീഴായി കിടന്ന രഘുനാഥിന് ആദ്യം താങ്ങായത് നാട്ടുകാരനാണ്. അഗ്നിശമനസേനയെത്തും വരെ ഏണിയില്‍ കയറി ഉയര്‍ത്തി സുരക്ഷിതനാക്കി. ഫയര്‍ ഓഫിസര്‍മാരായ ഷിജുവും രാഗിനും തെങ്ങിന് മുകളില്‍ കയറി യന്ത്രത്തിന്റെ ബെല്‍റ്റ് മുറിച്ച് രഘുവിനെ സ്വതന്ത്രനാക്കിയപ്പോള്‍ ഏറെ നേരം നീണ്ട ആശങ്ക ആശ്വാസത്തിന് വഴിമാറി. കാലിനേറ്റ ചെറിയ പരുക്കല്ലാതെ രഘുവിന്റെ ആരോഗ്യനിലയും തൃപ്തികരം.

കൂത്താളി പൈതോത്ത് റോഡിലാണ് യന്ത്രം ഉപയോഗിച്ച് തെങ്ങ് കയറുന്നതിനിടെ രഘുനാഥന്‍ പിടിവിട്ട് ബെല്‍റ്റില്‍ കാല്‍ കുരുങ്ങി തലകീഴായി തൂങ്ങിയത്. രഘുനാഥന്‍ നിലവിളിച്ച് ആളെക്കൂട്ടിയതിനാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി. അഗ്നിശമനസേനയെത്തും മുന്‍പ് തന്നെ തെങ്ങിന് കീഴിലായി വലയും വയ്ക്കോലുമുള്‍പ്പെടെ നിരത്തിയും നാട്ടുകാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.