പാലക്കാട് രൂപത സഹായമെത്രാനായി മാർ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അഭിഷിക്തനായി

സിറോ മലബാര്‍ സഭ പാലക്കാട് രൂപതയുെട സഹായമെത്രാനായി പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അഭിഷിക്തനായി. ചക്കാന്തറ സെന്റ് റാഫേല്‍സ് കത്തീഡ്രലിലായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നൂറുപേര്‍ക്ക് മാത്രമായിരുന്നു പളളിയില്‍ പ്രവേശനം.

പൗരസ്ത്യ സുറിയാനി സഭയുടെ ആരാധനാക്രമ പാരമ്പര്യമനുസരിച്ച് രക്ഷസാക്ഷികളുടെ തിരുശേഷിപ്പ് വന്ദനത്തോടെയാണ് മെത്രാഭിഷേകശുശ്രൂഷകള്‍ തുടങ്ങിയത്. പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് മുഖ്യകാര്‍മത്വം വഹിച്ചു. സ്ഥാനചിഹ്നങ്ങളായ കുരിശുമാല, മോതിരം, മുടി, അംശവടി എന്നിവ കൈമാറി കൈവയ്പ് നല്‍കുന്നതായിരുന്നു മെത്രാഭിഷേകത്തിലെ പ്രധാന ചടങ്ങുകള്‍. 

പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായി.    തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്ദേശം നല്‍കി. ലത്തീന്‍, മലങ്കരകത്തോലിക്കാ സഭാ ബിഷപ്പുമാരും സന്നിഹിതരായി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ക്ഷണിക്കപ്പെട്ട നൂറു പേര്‍ മാത്രമാണ് പങ്കെടുത്തത്. 45 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് പാലക്കാട് രൂപതയ്ക്ക് സഹായ മെത്രാന്‍പദവി ലഭിച്ചത്.  ബിഷപ് പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ സ്വദേശമായ കോട്ടയം മരങ്ങോലിയിലുളളവരും ചടങ്ങില്‍ പങ്കെടുത്തു.