തൃശൂരില്‍ നായയുടെ മുഖത്ത് ടേപ്പ് ചുറ്റി കൊടുംക്രൂരത; വേദന തിന്ന രണ്ടാഴ്ച

dog-wb
SHARE

പാലക്കാട്  മനുഷ്യൻ ചെയ്ത കൊടുംക്രൂരതയുടെ ഇരയായി ഗർഭിണിയായിരുന്ന പിടിയാന ചരിഞ്ഞ വാർത്ത നിറഞ്ഞുനിൽക്കെയാണ് മറ്റൊരു ക്രൂരത പുറത്തറിയുന്നത്. തൃശൂരിൽ നായയുടെ വായ ഇൻസുലേഷൻ ടേപ്പു കൊണ്ട് ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. 

 ആ നായയുടെ മുഖത്തു ചുറ്റിയതു കൊടും ക്രൂരതയുടെ നാടയാണ് . വായ ഇൻസുലേഷൻ ടേപ്പുകൊണ്ടു വരിഞ്ഞുകെട്ടിയ നായ ഭക്ഷണം കഴിക്കാതെ നടന്നതു രണ്ടാഴ്ചയോളം. ടേപ് മുഖത്തെ മാംസത്തിലേക്കു താഴ്‌ന്നുപോയ മിണ്ടാപ്രാണി അതിൽനിന്നു മോചിതനായപ്പോൾ ആർത്തിയോടെ കുടിച്ചു, രണ്ടു കുപ്പി വെള്ളം. അതിനു ശേഷം അവനാവും വിധം കരഞ്ഞു.

നഗര പരിസരത്ത് ഒല്ലൂർ ജംക്‌ഷനു സമീപമാണ് ഈ നായയെ കണ്ടെത്തിയത്. ആദ്യ ദിവസങ്ങളിൽ നായ പരക്കം പായുകയായിരുന്നു. പിന്നീടു കാണാതായി. വീണ്ടും കണ്ടെത്തിയപ്പോഴേക്കും അവശനായിരുന്നു. മൃഗസംരക്ഷണ രംഗത്തെ സന്നദ്ധ സംഘടനയായ പോസ് (പീപ്പിൾ ഫോർ അനിമൽ വെൽഫെയർ സർവീസ്) പ്രവർത്തകരാണ് നായയെ രക്ഷിച്ചത്.

ആരോഗ്യവാനായ നായയുടെ താടിയെല്ലു രണ്ടും ചേർത്തു മൂക്കിനു തൊട്ടുമുകളിലാണു ടേപ് ചുറ്റിയിരുന്നത്. ഭക്ഷണം കഴിക്കാനോ ശബ്ദമുണ്ടാക്കാനോ പറ്റില്ല. ടേപ് മുറുക്കിച്ചുറ്റിയതിനാൽ മാംസത്തിലേക്കു താഴ്ന്നു മുഖത്തെ എല്ലു പുറത്തു വന്നിട്ടുണ്ട്.

വൈദ്യ സഹായത്തിനു ശേഷം പോസിന്റെ കോളങ്കാട്ടുകര സുരക്ഷാ കേന്ദ്രത്തിലേക്കു മാറ്റിയ നായ് സുഖമായിരിക്കുന്നു. തെരുവുനായ്ക്കുട്ടികളെ വാക്സിൻ നൽകി സുരക്ഷിതരാക്കി വളർത്താൻ കൊടുക്കുന്ന സംഘടന കൂടിയാണു പോസ്. കിരൺ ശേഖർ, ഗോവിന്ദ് അജിത് എന്നിവരാണ് നാട്ടുകാരുടെ സന്ദേശം കിട്ടിയെത്തി നായയെ രക്ഷിച്ചത്. പോസ് 11 ക്യാംപുകൾ നടത്തി 2000 തെരുവുനായ്ക്കളെ വളർത്താനായി കൈമാറിയിട്ടുണ്ട്. 7 വർഷംകൊണ്ടു ആയിരക്കണക്കിനു മൃഗങ്ങളെ പലയിടത്തു നിന്നുമായി രക്ഷിച്ചിട്ടുണ്ട്. അതും വിരണ്ടോടിയ കാള മുതൽ അപകടത്തിലായ പൂച്ചക്കുട്ടികൾ വരെ.

MORE IN KERALA
SHOW MORE
Loading...
Loading...