ഭക്ഷണം എത്തി; സുരേഷ്ഗോപിയടക്കം വിളിച്ചു; ട്രെയിനിനായി കാത്തിരിപ്പ്; അനു പറയുന്നു

anu-train-suresh-gopi
SHARE

അനുവിന്റെ കണ്ണീരു കണ്ട് ഇന്നലെമാത്രം വിളിച്ചത് നൂറിലേറെ പേരാണ്. സഹായിക്കാം.. ഭക്ഷണമെത്തിക്കാം.. പണം അയച്ചു തരാം.. ഒന്നുകൊണ്ടും പേടിക്കേണ്ട.. ഇങ്ങനെ ആശ്വാസത്തിന്റെ വാക്കുകളുമായി മലയാളികളുടെ കരുതൽ ഈ അധ്യാപിക നേരിട്ടറിഞ്ഞു. എല്ലാവരോടും ഹൃദയം കൊണ്ട് നന്ദി പറയുമ്പോഴും, അനു ഒന്നുമാത്രം ചോദിക്കുന്നു. ഇപ്പോൾ പ്രതീക്ഷ പകരുന്ന ട്രെയിൻ ഇനി കേരളം റദ്ദാക്കരുത്. ഞങ്ങൾക്ക് നാട്ടിലെത്താനുള്ള ഏക പ്രതീക്ഷയാണ്.

ഗുജറാത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കുറിച്ച് മനോരമ ന്യൂസ് ഡോട്ട്കോം ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനൊപ്പം എറണാകുളം സ്വദേശിയും ഗുജറാത്തിൽ അധ്യാപികയുമായ അനു കണ്ണീരോടെ പങ്കുവച്ച വിഡിയോ സന്ദേശവും വാർത്തയ്ക്കൊപ്പം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ എത്തിയ ഫോൺകോളുകളെ കുറിച്ച് അനു പറയുന്നു.

‘ഒരുപാട് പേർ വിളിച്ചു. ഫോണിന് വിശ്രമമില്ലാത്ത മണിക്കൂറുകളാണ് ഇപ്പോഴും. സുരേഷ്ഗോപി സാറിന്റെ ഓഫിസിൽ നിന്നും വിളിച്ചിരുന്നു. നാട്ടിലെത്തുന്നതുവരെയുള്ള എല്ലാ സഹായങ്ങളും അദ്ദേഹം ചെയ്യാമെന്ന് പറഞ്ഞു. അത്രനാൾ വരെയുള്ള ഭക്ഷണം, വിമാനത്തിനുള്ള ടിക്കറ്റ് എല്ലാം നൽകാമെന്ന് അദ്ദേഹം പറഞ്ഞു. സന്തോഷത്തോടെയാണ് ആ വാക്കുകൾ കേട്ടത്. ഞങ്ങൾക്കുള്ള ട്രെയിനിനായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ബസിലോ കാറിലോ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വിളിച്ചവരും ഏറെയാണ്, കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ബിജെപി, യുവമോർച്ച നേതാക്കൾ ഒക്കെ വിളിച്ചിരുന്നു. ഞാൻ പങ്കുവച്ചത് എന്റെ മാത്രം ആശങ്കയായിരുന്നില്ല. എന്നെക്കാൾ കഷ്ടത്തിലായ ഒരുപാട് പേരുണ്ട്. അവരുടെ ശബ്ദം കൂടിയാണ് എന്റേത്. ഒരു ട്രെയിൻ അനുവദിച്ച് തന്നാൽ.., അതുമതി നാട്ടിലെത്താൻ. ഇപ്പോൾ അരി അടക്കമുള്ള ഭക്ഷണസാധനങ്ങൾ കേരള സമാജവും ആൾ ഇന്ത്യാ മലയാളി അസോസിയേഷനും എത്തിച്ചുതരുന്നുണ്ട്. മുൻപും ഇവരാണ് സഹായത്തിന് ഉണ്ടായിരുന്നത്.  വാർത്ത അറിഞ്ഞ് വിളിച്ചവരുടെ വാക്കുകൾ തന്ന ഉൗർജം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. ബോബി ചെമ്മണ്ണൂർ അടക്കം വിളിച്ചിരുന്നു. എല്ലാവരോടും നന്ദി. എന്റെ വീട്ടിൽ അടക്കം അന്വേഷിച്ചെത്തിയ നേതാക്കൾക്കും നന്ദി. ട്രെയിൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ ഓഫിസിനോടും സഹായം അഭ്യർഥിച്ചതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു.

രണ്ടു ദിവസത്തിനകം ട്രെയിനിന്റെ കാര്യം തീരുമാനമാകും എന്നാണ് അറിയുന്നത്. ഇവിടെ കോവിഡ് കേസുകൾ കൂടുകയാണ്. ഞങ്ങൾ ഇവിടെ കുടുങ്ങി കിടക്കുന്നവർക്ക് നാട്ടിലെത്തണം എന്ന ആഗ്രഹം മാത്രമാണ് ഉള്ളത്. ദയവായി കേരള സർക്കാർ ഈ ട്രെയിനിനുള്ള അനുമതി നൽകണം. ഞങ്ങളുടെ കണ്ണീർ കാണണം. നാട്ടിലെത്താൻ അനുമതി തരണം..പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്..’ കേരള സർക്കാരിനോട് അനു ഗുജറാത്തിൽ കുടുങ്ങിയ മലയാളികൾക്കായി അപേക്ഷിക്കുന്നു. 

വിശപ്പകറ്റാന്‍ ബിസ്ക്കറ്റും വെള്ളവും; സർക്കാരിനോട് തൊഴുത് ഗുജറാത്ത് മലയാളികൾ: വിഡിയോ 

MORE IN KERALA
SHOW MORE
Loading...
Loading...