'അവൻ വിളിച്ചിട്ടും നീന്താൻ പോകാൻ പറ്റിയില്ലല്ലോ'.. നാടിനെ കണ്ണീരിലാഴ്ത്തി അനൂജ്

ഷർട്ടും കൊന്തയും കരയിൽ അഴിച്ച് വച്ച് അനൂജ് നീന്താൻ ഇറങ്ങുന്നത് കണ്ടപ്പോൾ ഒരിക്കലും അവസാനത്തെ കാഴ്ചയാകുമെന്ന് നാട്ടുകാരാരും കരുതിയില്ല. എസി കനാലില്‍ ഇന്നലെ രാവിലെ  നീന്താനിറങ്ങിയ വേഴപ്ര സ്വദേശി അനൂജ് തിരികെ നീന്തുന്നതിനിടയിൽ മുങ്ങുപ്പോകുകയായിരുന്നു. 

ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് കൂട്ടുകാരോട് നീന്താൻ വരാൻ വിളിച്ച് പറഞ്ഞ് അനൂജ് കടവിലേക്ക് ഇറങ്ങിയത്. കൂട്ടുകാരാരും കടവിൽ എത്തിയിരുന്നതുമില്ല. തങ്ങളാരെങ്കിലും എത്തിയിരുന്നുവെങ്കിൽ അനൂജിനെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നാണ് കൂട്ടുകാർ കണ്ണീരോടെ ഓർക്കുന്നത്.

കടവിലേക്ക് ഇറങ്ങി കുറേ നേരമായിട്ടും മകനെ കാണാതായതോടെ അച്ഛൻ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. കടവിൽ വസ്ത്രങ്ങളും കൊന്തയും മടക്കി വച്ചിരിക്കുന്നത് കണ്ടതോടെയാണ് തിരച്ചിൽ ഊർജിതമാക്കിയത്. ചങ്ങനാശ്ശേരിയിൽ നിന്ന് അഗ്നിരക്ഷാസേനാ വിഭാഗം എത്തി തിരഞ്ഞുവെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഏഴുമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കുളിക്കടവിന് മറുകരയിൽ മൽസ്യത്തൊഴിലാളികളുടെ പെരുവലയിലാണ് മൃതദേഹം കുടുങ്ങിയത്. ബിടെക് ബിരുദധാരിയാണ് അനൂജ്.