'സൂരജിന് പാമ്പുകളെ ഇഷ്ടം, കയ്യിലെടുത്ത് കളിപ്പിക്കും’; ഉത്രയുടെ മരണത്തിൽ ദുരൂഹത; അന്വേഷണം

uthra
SHARE

അ‍ഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റു മരിച്ചതില്‍ ഭർത്താവിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. മരിച്ച അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ ഉത്രയുടെ (25) മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ രംഗത്തെത്തിയതിനു പിന്നാലെയാണു ഭർത്താവ് സൂരജിനെ ചോദ്യം ചെയ്യുന്നത്. ഉത്രയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും ചോദ്യം ചെയ്യൽ. സൂരജിനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.

റൂറല്‍ എസ്പി ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഈ മാസം ഏഴിനു രാവിലെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ പാമ്പു കടിയേറ്റാണു മരണമെന്നു തെളിഞ്ഞു. മാർച്ച് 2ന് അടൂർ പറക്കോടെ ഭർതൃവീട്ടിൽ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ഇതിന്റെ ചികിത്സയ്ക്കും വിശ്രമത്തിനുമാണു മാതാപിതാക്കൾ താമസിക്കുന്ന കുടുംബവീട്ടിൽ എത്തിയത്.

ഒരു മാസത്തിനിടെ രണ്ടുതവണയാണ് ഉത്രയ്ക്കു പാമ്പുകടിയേറ്റത്. അടച്ചുറപ്പുള്ള എസി മുറിയില്‍ ഉറങ്ങിക്കിടന്ന ഉത്രയ്ക്ക് പാമ്പുകടിയേറ്റതിൽ ഭര്‍ത്താവിനു ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ഉത്തരയുടെ മാതാപിതാക്കൾ പറഞ്ഞു. സൂരജിനു പാമ്പുപിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് ഉത്രയുടെ അച്ഛന്‍ ആരോപിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി.

സ്വത്ത് തട്ടിയെടുക്കാനായി സഹോദരനാണ് ഉത്രയെ അപായപ്പെടുത്തിയതെന്നു കാട്ടി ഭര്‍ത്താവ് സൂരജും റൂറല്‍ എസ്പിക്കു പരാതി നല്‍കി. തുടര്‍ന്നാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

അടൂരിലെ ഭർതൃവീട്ടിൽ സംഭവത്തിനു ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്ര പാമ്പിനെ കണ്ടിരുന്നു. സൂരജ് ഇതിനെ കൈകൊണ്ട് പിടിച്ചു ചാക്കിലാക്കിയതായി ഉത്ര പറ‌ഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും കൂടുതൽ തെളിവുകൾ ഇതോടെ ലഭ്യമാകുമെന്നുമാണ് അന്വേഷണ സംഘം കരുതുന്നത്.

കുടുംബവീട്ടിലെ കിടപ്പ് മുറിയില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ മുറിക്കുള്ളിൽ നടത്തിയ തിരച്ചിലിലാണ് പാമ്പിനെ കണ്ടെത്തിയത്. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് ഉത്രയുടെ വീട്ടുകാരുടെ സംശയം.

മുറിയിൽ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. പാമ്പുകടിയേറ്റ ദിവസം ഭർത്താവ് സൂരജും മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണു മൊഴി നൽകിയത്. മകൾക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. ഉത്ര– സൂരജ് ദമ്പതികള്‍ക്ക് ഒരു വയസുള്ള മകനുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...