സപ്ലൈകോയിലെ ഫോണ്‍കെണി; അഡീ. പ്രൈവറ്റ് സെക്രട്ടറിയെ സംരക്ഷിച്ച് ഭക്ഷ്യമന്ത്രി

supplyco
SHARE

സപ്ലൈകോയിലെ സി.െഎ.ടി.യു നേതാവിനെ ഫോണ്‍ കെണിയില്‍ കുടുക്കി സസ്പെന്‍ഡ് ചെയ്യിപ്പിച്ച അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സംരക്ഷിച്ച് ഭക്ഷ്യമന്ത്രി. സസ്പെന്‍ഡ് ചെയ്ത അനില്‍കുമാറിനെ പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും തിരിച്ചെടുക്കാനോ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ അന്വേഷണം നടത്താനോ ഇതുവരെ തയാറായിട്ടില്ല. 

കഴിഞ്ഞ 25 നാണ് സപ്ലൈകോ സി.െഎ.ടി.യു യൂണിയന്‍ നെയ്യാറ്റിന്‍കര താലൂക്ക് സെക്രട്ടറിയും സീനിയര്‍ അസിസ്റ്റന്റുമായ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. ഭക്ഷ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഒരു ദിനപത്രത്തിന്റ റിപ്പോര്‍ട്ടര്‍ എന്ന പേരില്‍ ഫോണില്‍ വിളിച്ചാണ് അനില്‍കുമാറിനെ കുടുക്കിയത്. സൗജന്യഭക്ഷ്യകിറ്റ് നിറയ്ക്കുന്ന ജീവനക്കാര്‍ക്ക് കൂലി അനുവദിച്ചിട്ടുണ്ടെന്നും ഇത് നല്‍കുന്നില്ലെങ്കില്‍ അത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും ചോദ്യത്തിന് മറുപടിയായി അനില്‍കുമാര്‍ പറഞ്ഞിരുന്നു. ഇത് വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു സസ്പെന്‍ഷന്‍. റെക്കോര്‍ഡ് ചെയ്തവര്‍ തന്നെ ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് വിളിച്ചതെന്ന് അനില്‍കുമാര്‍ അറിഞ്ഞത്. സി.െഎ.ടി.യു മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയെങ്കിലും സസ്പെന്‍ഷന്‍ പിന്‍വലിക്കാനോ,പ്രൈവറ്റ് സെക്രട്ടറിക്കെതിരെ നടപടിയെടുക്കാനോ ഭക്ഷ്യമന്ത്രി തയാറായില്ല.

ഫോണ്‍കെണി അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞെങ്കിലും അനില്‍കുമാര്‍ ജോലിയില്‍ പ്രവേശിപ്പിച്ചതുമുതലുള്ള അച്ചടക്ക നടപടികളുടെ പട്ടിക പുറത്തുവിട്ട് കുരുക്ക് കൂടുതല്‍ മുറുക്കാനാണ് ഭക്ഷ്യമന്ത്രിയുടെ ഒാഫീസ് ശ്രമിച്ചത്. മന്ത്രിയുടെ ഒാഫീസില്‍ നിന്ന് അനുവദിക്കാതെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ സപ്ലൈകോയും തയാറല്ല. ഭക്ഷ്യവകുപ്പില്‍ ഏറെനാളായി തുടരുന്ന സി.പി എം. സി.പി.െഎ തര്‍ക്കത്തിന്റ തുടര്‍ച്ച കൂടിയാണ് അനില്‍കുമാറിന്റ സസ്പെന്‍ഷന്‍. 

MORE IN KERALA
SHOW MORE
Loading...
Loading...