കാൻസർ മരുന്നുമായി കിലോമീറ്ററുകൾ ബൈക്കിൽ താണ്ടി; കെട്ടിപ്പിടിച്ച് രോഗി

police-lock
ഫയൽ ചിത്രം
SHARE

ദിവസങ്ങൾ നീണ്ട വിശ്രമമില്ലാതെയുള്ള ജോലിക്കു ശേഷവും വീട്ടിലേക്കു പോകാതെ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ആ പൊലീസ് ഉദ്യോഗസ്ഥൻ കോട്ടയത്തു നിന്നു കടുമ്പിടിയിലുള്ള  കാൻസർ രോഗിക്കു വേണ്ടി മരുന്നുമായി അദ്ദേഹത്തിന്റെ വീട്ടുവാതിക്കലെത്തിയത്. ഒരു പരിചയവുമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥൻ മരുന്നുമായി എത്തിയപ്പോൾ ശരീരത്തിന്റെ വല്ലായ്മകൾ വകവയ്ക്കാതെ അദ്ദേഹത്തെ നിറകണ്ണുകളോടെ ആലിംഗനം ചെയ്തു ആ കാൻസർ രോഗി. 

അടിയന്തരമായി വേണ്ട മരുന്നു വാങ്ങാൻ പണവും ആളുമില്ലാതെ ബുദ്ധിമുട്ടുന്ന നിർധന കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കോട്ടയം ജില്ലയിലെ സർക്കാർ ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പിൽ സന്ദേശമായി എത്തിയതോടെയാണു മരുന്നു വാങ്ങിനൽകാൻ പൊലീസ് ഉദ്യോഗസ്ഥർ മുന്നോട്ടു വന്നത്. കോട്ടയം മെഡിക്കൽ കോളജ് പരിസരത്തുള്ള മെഡിക്കൽ ഷോപ്പിൽ മാത്രമേ മരുന്നു കിട്ടുകയുള്ളുവെന്നു വ്യക്തമായതോടെയാണു ഗ്രൂപ്പിൽ സന്ദേശമെത്തിയത്.

42 ഗുളികകൾക്ക് 1500 രൂപ വില വരും. രാത്രി 10നാണ് മൂവാറ്റുപുഴയിൽ നിന്നുള്ള സർക്കാർ ഉദ്യോഗസ്ഥൻ ഗ്രൂപ്പിൽ സന്ദേശം അയച്ചത്. മിനിറ്റുകൾക്കുള്ളിൽ ഗ്രൂപ്പിൽ അംഗമായ കോട്ടയത്തുള്ള പൊലീസ് ഉദ്യോഗസ്ഥൻ റെസിൻ അജയൻ രോഗിയെ വിളിച്ചു. വിശദമായ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. രാത്രി ഡ്യൂട്ടി കഴിഞ്ഞു മെഡിക്കൽ കോളജ് പരിസരത്തു പോയി വാങ്ങി അയയ്ക്കാം എന്നുറുപ്പു നൽകി.

കോട്ടയം എസ്പി ജി. ജയ്ദേവ് വിവരം അറിഞ്ഞതോടെ 20 ദിവസത്തേക്കുള്ള മരുന്നു വാങ്ങി നൽകാൻ തീരുമാനമായി. കോട്ടയം പൊലീസ് സ്റ്റേഷനിലെ ബിനു ഭാസ്കറിനെ മരുന്ന് എത്തിച്ചു നൽകാൻ എസ്പി ചുമതലപ്പെടുത്തി. താമസിയാതെ  65 കിലോമീറ്റർ ദൂരം ബൈക്കോടിച്ച് ബിനു ഭാസ്കർ കടുമ്പിടിയിലുള്ള രോഗിയുടെ വീട്ടിലെത്തി. പോത്താനിക്കാട് സ്റ്റേഷനിലെ എസ്എസ്ഐ കെ.കെ. ബിജുവും വീട്ടിലെത്തിയിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...