ക്ഷാമം ഉണ്ടാകുമെന്ന് തെറ്റിധാരണ; ഗ്യാസ് തീരുംമുന്‍പ് പുതിയ ബുക്കിംഗ്; വലഞ്ഞ് വിതരണക്കാര്‍

നിറച്ച എല്‍പിജി സിലിന്‍ഡറുമായി ഉപഭോക്താവിന്റ‌െ വീട്ടിലെത്തുന്ന വിതരണക്കാരന്‍ സിലിന്‍ഡര്‍ നല്‍കനാവാതെ മടങ്ങിപോവുന്നു.

ലോക്ഡൗണില്‍ ക്ഷാമമുണ്ടാകുമെന്ന തെറ്റിധാരണയില്‍ പാചകവാതകം തീരും മുന്‍പേ ഉപഭോക്താക്കള്‍ പുതിയ സിലിന്‍ഡറിന് അപേക്ഷിക്കുന്നതാണ്് ഈ ദുരവസ്ഥയ്ക്ക് കാരണം. ബുക്കിങ് ക്യാന്‍സല്‍ ചെയ്യാന്‍ സാധിക്കാത്തത് കഷ്ടപ്പാട് ഇരട്ടിയാക്കുകയാണ്.

നിറച്ച എല്‍പിജി സിലിന്‍ഡറുമായി ഉപഭോക്താവിന്റെ വീട്ടിലെത്തിയിട്ടും സിലിന്‍ഡര്‍ നല്‍കാനാവതെ മടുത്ത് മടങ്ങിവന്നവരാണ് ഈ കാണുന്ന  ഏജന്റുമാരില്‍ ഏറെയും. എല്‍.പി.ജി നിറച്ച് രണ്ട് സിലിന്‍ഡറുകളാണ് സാധാരണ ഒരു വീട്ടിലുണ്ടാവുക. ഇതില്‍ ഒരെണ്ണം ഒഴിഞ്ഞാല്‍ മാത്രമാണ് പുതിയ സിലിന്‍ഡര്‍ ബുക്ക് ചെയ്യേണ്ടത്. എന്നാല്‍ ലോക്ഡൗണ്‍ കാരണം പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന് നിരവധിപേര്‍ തെറ്റിധരിച്ചു. അതോടെ രണ്ട് സിലിന്‍ഡറുകളും നിറഞ്ഞിരുന്നിട്ടും  പുതിയതിന് അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. 'പാനിക്ക് ബുക്കിങ്' കാരണം  വീട്ടിലെത്തുന്ന ഗ്യാസ് ഏജന്റിന് സിലിന്‍ഡര്‍ നല്‍കാനാവാതെ മടങ്ങേണ്ട സ്ഥിതിയായി. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്ന ഉപഭോക്താവിന് പുതിയ സിലി‍ന്‍ഡര്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും അപേക്ഷ പത്ത് ദിവസം അങ്ങനെ തന്നെ തുടരും. ഈ പത്ത് ദിവസത്തിനുള്ളില്‍ എന്നൊക്കെ എല്‍പിജിയുമായി ഏജന്റ് യാത്രചെയ്തോ അന്നെല്ലാം അനാവശ്യമായി ബുക്ക് ചെയ്ത ഉപഭോക്താവിന്റെ വീട്ടിലും കയറി മടങ്ങേണ്ടിവരും. ലോക്ഡൗണിന് മുന്‍പ് ദിനംപ്രതി 400 മുതല്‍ 500 വരെ ബുക്കിങ് ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 750 മുതല്‍ 800 വരെയാണ് കണക്ക്.

പാനിക്ക് ബുക്കിങ് കാരണം ആവശ്യക്കാര്‍ക്ക് കൃത്യസമയത്ത് പാചകവാതകം ലഭിക്കില്ല. എല്‍പിജിക്ക് ക്ഷാമമില്ലെന്നും അനാവശ്യമായി അപേക്ഷിക്കരുതെന്നും ആവര്‍ത്തിച്ച് പറയുകയാണ് വിതരണക്കാര്‍. അപേക്ഷിക്കുന്നവര്‍ ഹോം ക്വാറന്റീനില്‍ കഴിയുന്നവരാണെങ്കില്‍ ആ വിവരം ഏജന്റിനെ കൃത്യമായി ധരിപ്പിക്കണമെന്നും വിതരണക്കാര്‍ ഓര്‍മ്മപ്പെടുത്തുന്നു.