52 മണിക്കൂറിൽ 3000 കിലോമീറ്റർ താണ്ടി ഗർഭിണിയായ വൃന്ദയുമായി ഹരിപ്പാട്ടേക്ക് ആംബുലൻസെത്തി

vishnu-vrinda
SHARE

രാജ്യതലസ്ഥാനത്തിനടുത്തുനിന്നു കേരളത്തിലെ ഹരിപ്പാട്ടേക്ക് ആംബുലൻസിന്റെ 52  മണിക്കൂർ പാച്ചിൽ. മൂവായിരത്തിലധികം കിലോമീറ്റർ താണ്ടിയ വണ്ടിക്കുള്ളിൽ വൃന്ദയും ഭർത്താവ് വിഷ്ണുവും. ഗർഭിണിയായ വൃന്ദയ്ക്കു ഡോക്ടർ പൂർണവിശ്രമം നിർദേശിച്ചപ്പോഴാണു ഡൽഹിക്കു സമീപം യുപി അതിർത്തി പ്രദേശമായ ഗാസിയാബാദിൽനിന്ന് ഇവരെ നാട്ടിലെത്തിച്ചത്. ത‍ിങ്കളാഴ്ച രാവിലെ 11നു പുറപ്പെട്ട് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തി. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരമുള്ള നിരീക്ഷണത്തിലാണിനി ഇരുവരും. 

പല്ലന പുത്തൻവീട്ടിൽ പടീറ്റതിൽ യു.വിഷ്ണുവും വൃന്ദയും ഡൽഹിയിൽ കോൾ സെന്റർ ജീവനക്കാരാണ്. ഒരു മാസം മുൻപാണ് വൃന്ദ ഗർഭിണിയാണെന്നു മനസ്സിലായത്. ലോക്‌ഡൗണിനിടെ ഭക്ഷണവും മരുന്നും വാങ്ങാൻ പുറത്തേക്കിറങ്ങിയ വിഷ്ണുവിന് പൊലീസിന്റെ മർദനവുമേൽക്കേണ്ടി വന്നു. നാട്ടിലെത്താനുള്ള വഴി തേടിയപ്പോൾ യാത്രയ്ക്കുള്ള ആംബുലൻസും വൈദ്യസഹായവും നൽകാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

അതിനാവശ്യമായ 1.20 ലക്ഷം രൂപയ്ക്കു നെട്ടോട്ടമായി. മത്സ്യത്തൊഴിലാളിയായ അച്ഛൻ ഉണ്ണിയും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ശോഭയും ബന്ധുക്കളും ചേർന്നു കുറച്ചു തുക കണ്ടെത്തി. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.വിനോദ് കുമാർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ടു ബാക്കി തുക ലഭ്യമാക്കി. വാളയാറിൽ  വണ്ടി തടഞ്ഞ് പൊലീസ് തിരികെ പോകാൻ നിർദേശിച്ചപ്പോഴും പ്രതിപക്ഷ നേതാവാണ് ഇടപെട്ടത്. 

MORE IN KERALA
SHOW MORE
Loading...
Loading...