സാറെ, തലയിൽ തേയ്ക്കാൻ നീലി എണ്ണ വാങ്ങാൻ പോകുവാ..; പൊലീസിനെ അമ്പരപ്പിച്ചവര്‍: അടി

polie-lock-down
SHARE

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുത് എന്ന അഭ്യർഥന ജനം ഏറ്റെടുക്കുന്ന നിലയിലേക്കാണ് എത്തുന്നത് എന്നാൽ അപ്പോഴും ചിലർ കാഴ്ച കാണാൻ ഇറങ്ങന്നുണ്ട്. അത്തരത്തിൽ പിടികൂടിയ ചിലരുടെ ആവശ്യങ്ങൾ കേട്ട് പൊലീസ് പോലും അമ്പരന്നു. മാസ്ക് ധരിച്ച പൊലീസുകാർ പോലും ചിരിച്ച് പോകുന്ന കാരണങ്ങളാണ് വാഹന പരിശോധനക്കിടെ പലരും പൊലീസിനോട് പറഞ്ഞത്. ഇത്തരത്തിലുള്ളവരെ വന്ന വഴിയേ തിരിച്ചയച്ച പൊലീസ് ഉദ്യോഗസ്ഥർ തികച്ചും നിസാരമായി ലോക് ഡൗണിനെ പരിഗണിച്ച പലർക്കും ചൂരൽ കഷായവും നൽകാൻ മറന്നില്ല. തളിപ്പറമ്പ് ദേശീയ പാതയിൽ രാവിലെ മുതൽ നടത്തിയ പൊലീസ് പരിശോധനയിൽ നിരവധി പേരാണ് കുടുങ്ങിയത്.

തലയിൽ തേക്കാൻ നീലി എണ്ണ വാങ്ങാൻ പോകുന്നുവെന്നാണ് തളിപ്പറമ്പിൽ സ്കൂട്ടറിൽ എത്തിയ മധ്യവയസ്കൻ പൊലീസിനോട് പറഞ്ഞത്. അറിയാവുന്ന നല്ല വാക്കിൽ യാത്രക്കാരനെ കാര്യങ്ങൾ പറഞ്ഞ് പൊലീസുകാർ തിരിച്ചയച്ചു. തളിപ്പറമ്പ് നഗരത്തിൽ നിന്ന ഏറെ കിലോമീറ്ററുകൾക്ക് അപ്പുറത്ത് നിന്ന് സ്കൂട്ടറിൽ എത്തിയ സഹോദരിമാരോട് കാര്യം ചോദിച്ചപ്പോൾ അത്യാവശ്യമായി സവാള വാങ്ങാൻ പോകുന്നുവെന്നായിരുന്നു മറുപടി. ഇരുവരെയും പൊലീസ് തിരിച്ചയച്ചു. കാറിൽ എത്തിയ അഞ്ചംഗ കുടുംബത്തെ ചോദ്യം ചെയ്തപ്പോൾ എല്ലാവരെയും ആശുപത്രിയിൽ കാണിച്ച് വരികയായിരുന്നുവെന്നായിരുന്നു മറുപടി.

ഡോക്ടറെ കാണിച്ചതിന്റെ തെളിവ് ചോദിച്ചപ്പോൾ ഒരാൾ മാത്രമായിരുന്നു രോഗി. വാഹനത്തിൽ ഉള്ളവരെ പുറത്തിറക്കിയപ്പോൾ അലക്ഷ്യമായി വസ്ത്രം ധരിച്ച് വിജനമായ ടൗൺ കാണാനിറങ്ങിയ യുവാക്കൾ. രോഗി ഒഴികെ എല്ലാവർക്കും ചൂരൽ കഷായം നൽകി പറഞ്ഞയച്ചു. വീട്ടിൽ വളർത്തുന്ന നായയെയും കൊണ്ട് കാറിലെത്തിയ ദമ്പതികളും കുടുങ്ങി. നായക്ക് വാക്സിൻ നൽകാൻ പോകുന്നുവെന്നായിരുന്നു മറുപടി.

പഴയങ്ങാടിയിൽ നിന്ന് പച്ചക്കറി വാങ്ങാൻ കാറുമെടുത്ത് തളിപ്പറമ്പിൽ എത്തിയവരെയും പൊലീസ് വന്ന വഴിയെ തിരിച്ചയച്ചു. അത്യാവശ്യത്തിന് പച്ചക്കറി വാങ്ങാൻ കാറിൽ വീട്ടിലുള്ള കുട്ടികളെയുമെല്ലാം കയറ്റി വന്നവരെയും ഒരാൾ മാത്രം വന്നാൽ മതിയെന്ന നിർദേശം നൽകി തിരിച്ചയച്ചു. മരുന്ന് വാങ്ങാൻ എന്ന പേരിൽ 15 കിലോമീറ്റർ അകലെ നിന്ന് എത്തിയ ഓട്ടോറിക്ഷ തടഞ്ഞപ്പോൾ ഉള്ളിൽ യാത്രക്കാരനായി ഉണ്ടായ ആൾ പൂർണ മദ്യ ലഹരിയിൽ. ഓട്ടോകാരൻ മരുന്ന് വാങ്ങി വരുന്നത് വരെ ഓട്ടോറിക്ഷ പൊലിസ് തടഞ്ഞ് വച്ച് യാത്രക്കാരനോട് തിരിച്ച് പോകാൻ നിർദേശം നൽകി.

മട്ടന്നൂരിൽ ഉള്ള ഹോട്ടൽ അടച്ച് മൂന്നാം ദിവസം മദ്യലഹരിയിൽ ഓട്ടോറിക്ഷയിൽ എത്തിയ ഹോട്ടൽ ജീവനക്കാരെയും താക്കീത് ചെയ്ത് പറഞ്ഞയച്ചു. പരിയാരം മെഡിക്കൽ കോളജ് പരിസരത്ത് നിന്ന് കാറിൽ 10 കിലോമീറ്റർ യാത്ര ചെയ്ത് തക്കാളി വാങ്ങാൻ വന്ന നാലംഗ കുടുംബത്തെയും പൊലീസ് തിരിച്ചയച്ചു. പോകുന്ന വഴിയിലെ കടകളിൽ നിന്ന് തക്കാളി വാങ്ങാൻ നിർദേശവും നൽകി. കാര്യം ബോധിപ്പിക്കാൻ പോലും സാധിക്കാതെ കാറുമെടുത്ത് വന്നവരും നിരവധി. എല്ലാവരും ദിനപത്രങ്ങളിൽ നൽകിയ സത്യവാങ്മൂലം പൂരിപ്പിച്ചാണ് യുവാക്കൾ ബൈക്കുകളിൽ ലോക്ക് ഡൗണിലെ നഗരം കാണാൻ ഇറങ്ങിയത്.

MORE IN KERALA
SHOW MORE
Loading...
Loading...