ഒന്നു വിളിച്ചു പറഞ്ഞു; അര മണിക്കൂറിൽ സാധനങ്ങൾ വീട്ടിലെത്തിച്ച് പൊലീസ്

police-26
SHARE

ലാത്തി വീശാൻ മാത്രമല്ല, വേണ്ടി വന്നാൽ  ആവശ്യക്കാർക്ക് പച്ചക്കറിയും അരിപ്പൊടിയും  എത്തിച്ച് നൽകാനും പൊലീസിനറിയാം. അതും വിളിച്ചു പറഞ്ഞാൽ അരമണിക്കൂറിനുള്ളിൽ സാധനം വീട്ടിലെത്തുമെന്ന് കൊല്ലം രാമൻ കുളങ്ങരയിൽ മണിയമ്മ പറയും.

ദുബായിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയാണ് മണിയമ്മയും ഭർത്താവ് സുകുമാരനും. ഫോണിലൂടെ പറഞ്ഞു കൊടുത്ത സാധനങ്ങളെല്ലാം ജനമൈത്രി ബീറ്റ് പൊലീസ് ഓഫിസർ അനിൽ കുമാറാണ് മണിയമ്മയ്ക്ക് വീട്ടിലെത്തിച്ച് നൽകിയത്. കൊല്ലം വെസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ ഇങ്ങനെ സാധനമെത്തിച്ച് കൊടുക്കുന്ന നാലു വീടുകളുണ്ടെന്ന് പൊലീസ് പറയുന്നു.  അറുപത് വയസു കഴിഞ്ഞവർ മാത്രം താമസിക്കുന്ന വീടുകളാണിത്. 

പണം പ്രതീക്ഷിക്കാതെയാണ് പൊലീസുകാർ സാധനം വാങ്ങി നൽകുന്നത്. എന്നാൽ സാധനവുമായി ചെല്ലുമ്പോൾ വീട്ടുകാർ പലരും നിർബന്ധപൂർവം പണം ഏൽപ്പിക്കാറുണ്ടെന്നും സിറ്റി ജനമൈത്രി പൊലീസ് അസി. നോഡൽ ഓഫിസറായ സുനിൽ വ്യക്തമാക്കുന്നു. കലക്ടറേറ്റിനു സമീപമുള്ള ഹരിത സ്റ്റാൾ, അഞ്ചുകല്ലുംമൂട്ടിലെ നാടൻ പച്ചക്കറിക്കട എന്നിവിടങ്ങളിൽ നിന്നാണ് സാധനങ്ങൾ വാങ്ങുന്നത്.

വീട്ടിലേക്കുള്ള സാധനങ്ങൾ മാത്രമല്ല, യഥാ സമയം ആരോഗ്യപ്രവർത്തകർ എത്തുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കാറുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...