മെയിൽ നേഴ്സും ആംബുലൻസ് ഡ്രൈവറും പരിചരിച്ചു; 108 ൽ ആദിവാസി യുവതിക്ക് സുഖപ്രസവം

108 ആംബുലൻസിൽ ആദിവാസി യുവതിക്ക് സുഖപ്രസവം. വണ്ടിപ്പെരിയാറിൽ നിന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയായിരുന്നു പ്രസവം. ഗവി സ്വദേശിയായ അമ്പിളിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്.

ആദിവാസി മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട അമ്പിളിയെ വനത്തിൽ നിന്ന് ആദ്യം വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനായി 108 ആംബുലൻസിൽ കയറ്റി. അമ്പിളിയുടെ ഭർത്താവ് രഞ്ജിത്തു കുടുംബാംഗങ്ങളും ആംബുലൻസിൽ ഒപ്പമുണ്ടായിരുന്നു. വഴിമധ്യേ പെരുവന്താനത്തിന് സമീപം വച്ച് യുവതിക്ക് രക്തസ്രാവം ഉണ്ടായി. യാത്ര തുടരാൻ കഴിയാത്ത അവസ്ഥയിൽ ആംബുലൻസ് വഴിയരികിൽ നിർത്തിയിട്ടു. ഇവിടെ വെച്ചാണ് അമ്പിളി ആൺകുഞ്ഞിന് ജന്മം നൽകിയത്. ആംബുലൻസിൽ ഉണ്ടായിരുന്ന മെയിൽ നേഴ്സ് അശോകും ആംബുലൻസ് ഡ്രൈവർ രജീഷും ചേർന്നാണ് പ്രസവ സമയത്ത് യുവതിക്കും കുഞ്ഞിനും ആവശ്യമായ പരിചരണം നൽകിയത്.മൊബൈൽ റേഞ്ച് കുറവായതിനാൽ ആംബുലൻസ് ജീവനക്കാർക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളുമായോ ഡോക്ടർമാരുമായോ ബന്ധപ്പെടാൻ കഴിഞ്ഞില്ല.

അതുവഴി കടന്നുപോയ വാഹന യാത്രക്കാരനാണ് വിവരമറിയിച്ചതോടെ കുഞ്ഞിനെ പൊതിയുവാനും, യുവതിക്ക് ധരിക്കുവാനും ഉള്ള വസ്ത്രം വാങ്ങി നൽകിയത്.ഇതിന് ശേഷം ആംബുലൻസ് ജീവനക്കാർ ചേർന്ന് യുവതിയെയും കുഞ്ഞിനെയും പെരുവന്താനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും എത്തിച്ചു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.