സെബാസ്റ്റ്യൻ പോളിനെതിരെ കയ്യേറ്റശ്രമം; യുവാവിൽ നിന്ന് 16 കിലോ കഞ്ചാവ് പിടിച്ചു

sebastian-paul-13
SHARE

എറണാകുളം മുൻ എംപി സെബാസ്റ്റ്യൻ പോളിനെതിരെ ട്രെയിനിൽ കയ്യേറ്റശ്രമം നടത്തിയ യുവാവിൽ നിന്ന് പൊലീസ് കഞ്ചാവ് പിടിച്ചെടുത്തു. തിരുവല്ലം പാച്ചല്ലൂർ സ്വദേശി അഭിരാജിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. 16 കിലോ കഞ്ചാവ് ആണ് അഭിരാജിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. 

കഴിഞ്ഞ ദിവസം ദിബ്രുഗഢ്- കന്യാകുമാരി വിവേക് എക്സപ്രസിലായിരുന്നു സംഭവം. കന്യാകുമാരിയിലേക്ക് വന്ന ട്രെയിനിൽ തിരുവനന്തപുരത്ത് പോകാൻ വേണ്ടിയാണ് എറണാകുളത്തുനിന്ന് സെബാസ്റ്റ്യൻ പോൾ കയറിയത്. എന്നാൽ എ സി കോച്ചിൽ സമീപത്തിരുന്ന യുവാവ് അസ്വാഭാവികമായി പെരുമാറി. 

ഇടിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തിയതോടെ സെബാസ്റ്റ്യൻ പോൾ ഡെപ്യൂട്ടി ചീഫ് ടിക്കറ്റിങ് ഇൻസ്പെക്ടർക്ക് പരാതി നൽകി. ഇതേത്തുടർന്ന് പൊലീസ് എത്തി അഭിരാജിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലാണ് കഞ്ചാവ് കൈവശമുണ്ടെന്ന് ഇയാൾ സമ്മതിച്ചത്. 

ചോദ്യങ്ങൾക്ക് പരസ്പരവിരുദ്ധമായി മറുപടി പറഞ്ഞതോടെയാണ് റെയിൽവേ പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറിയത്. ചോദ്യം ചെയ്യലിൽ കഞ്ചാവ് വലിച്ചിട്ടുണ്ടെന്നും കൈവശമുണ്ടെന്നും ഇയാൾ സമ്മതിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി മൂന്നു പൊതികളിൽ കഞ്ചാവ് കണ്ടെടുത്തത്. ലഹരി വസ്തുക്കൾ മണത്ത് കണ്ടെത്താൻ പരിശീലനം ലഭിച്ചിട്ടുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട ജാക്ക് എന്ന നായയാണ് ട്രെയിനിൽ വിവിധ സ്ഥലങ്ങളിലായി സൂക്ഷിച്ചിരുന്ന ബാഗുകൾ കണ്ടെത്തിയത്.

ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽനിന്നാണ് അഭിരാജ് കഞ്ചാവ് വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പൊതി ഒന്നിന് രണ്ടായിരം രൂപ വീതം നൽകിയാൽ രാജമുണ്ട്രിയിൽനിന്ന് കഞ്ചാവ് പൊതിഞ്ഞുനൽകും. നെടുമങ്ങാട്, വലിയതുറ, നെയ്യാറ്റിൻകര പ്രദേശങ്ങളിൽ വിതരണം ചെയ്യാനായാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...