ശബരിമല യുവതീപ്രവേശം; വ്യക്തിയും സമുദായവും മുഖാമുഖം വരുമ്പോള്‍..

sabarimala-priji-artickle
SHARE

മതസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തെ നിര്‍ണയിക്കുന്ന ഭരണഘടനയിലെ  രണ്ട്  അനുച്ഛേദങ്ങളുടെ വിശദമായ പരിശോധനയാണ് ഒന്‍പതംഗ ബെഞ്ചിനുമുന്നിലുള്ള പ്രധാനവെല്ലുവിളി. വ്യക്തിയുടെ മതസ്വാതന്ത്ര്യത്തെ നിര്‍ണയിക്കുന്ന അനുച്ഛേദം ഇരുപത്തിയഞ്ചും  മതവിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തെ നിര്‍ണയിക്കുന്ന അനുച്ഛേദം ഇരുപത്തിയാറും ആണ് ഈ പരിശോധനയില്‍ വരുന്നത്.

ഈ രണ്ട് അനുച്ഛേദങ്ങള്‍ക്ക്  പരസ്പരമുള്ള സ്വാധീനമെന്താണ്  എന്നതാണ് ഒന്‍പതംഗ ബെഞ്ചിനുമുന്നിലുള്ള ഒരു പരിഗണനാവിഷയം.  

യുവതീപ്രവേശത്തിന് അനുകൂലമായ വിധിപ്രസ്താവിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്നിലെ വാദപ്രതിവാദത്തിലും അന്തിമവിധിയിലും  ഈ പ്രശ്നം കടന്നുവന്നിരുന്നു. ശബരിമലയില്‍ വ്യക്തിയുടെ ആരാധാനാ സ്വാതന്ത്ര്യത്തിനാണോ തന്ത്രിയും വിശ്വാസസമൂഹത്തിന്‍റെ ചുമതലക്കാരും അനിവാര്യമെന്ന് വിലയിരുത്തുന്ന ആചാരങ്ങള്‍ക്കാണോ മേല്‍ക്കൈ എന്നതാണ് ചോദ്യം.  രണ്ട് മൗലികാവകാശങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ശബരിമലയിലെ അടിസ്ഥാന നിയമപ്രശ്നങ്ങളിലൊന്ന്.  

വ്യക്തിയുടെ സ്വാതന്ത്ര്യവും സമുദായത്തിന്‍റെ (community) സ്വാതന്ത്ര്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒട്ടുമിക്ക ഭരണഘടനകളുടെയും അടിസ്ഥാനപ്രശ്നമാണ്. ഭരണഘടനാവ്യാഖ്യാനത്തില്‍ സ്വീകരിക്കുന്ന സമീപനം പലപ്പോഴും വിധിനിര്‍ണയത്തെ സ്വാധീനിക്കും. മതാചാരങ്ങളും വ്യക്തിയുടെ സ്വാതന്ത്ര്യവും നേര്‍ക്കുനേര്‍ വരുന്ന പ്രശ്നങ്ങളില്‍ സുപ്രീംകോടതി വിധികളില്‍ ഇക്കാര്യത്തിലുണ്ടാകാറുള്ള വ്യത്യസ്തസമീപനം നിയമവിദഗ്ധനായ ഗൗതം ഭാട്ടിയ A Radical Biograhy in Nine Acts എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മതപരമായ കാര്യങ്ങളില്‍ സമുദായത്തിന്‍റെ അവകാശത്തിന് പരിധി നിശ്ചയിക്കേണ്ടത് എങ്ങനെ എന്നതില്‍ രണ്ട് വ്യത്യസ്ത സമീപനങ്ങളുണ്ട്.

1) അന്തസോടെ ജീവിക്കാനുള്ള വ്യക്തിയുടെ അവകാശത്തിന് വെല്ലുവിളിയുണ്ടാക്കരുത്– അതാണ്   സമുദായത്തിന്‍റെ ആചാരസ്വാതന്ത്ര്യത്തിന്‍റെ  പരിധി. ( Exclusionary Principle) .

2) മതവിഭാഗത്തിന്‍റെ അടിസ്ഥാനഗ്രന്ഥങ്ങളും പ്രബോധനങ്ങളും അനുശാസിക്കുന്ന അനിവാര്യമായ   ആചാരമാണെങ്കില്‍ അത് അനുവദിക്കാം. ( Essential Practice Test)

ആദ്യത്തേത് ഭരണഘടനയുടെ പരിഷ്ക്കരണ മനോഭാവം (reformist) ഉള്‍ക്കൊള്ളുന്നതും രണ്ടാമത്തേത് യാന്ത്രികവുമായ രീതിയാണെന്ന് ഗൗതം ഭാട്ടിയ വിലയിരുത്തുന്നു . ശബരിമലയില്‍ വിധിയെഴുതിയ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ഉപയോഗിച്ചത് ആദ്യത്തെ രീതിയാണ്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഈ  രീതിയാണ് ഉപയോഗിച്ചതെങ്കിലും ശബരിമലയില്‍  സമുദായത്തിന്‍റെ അവകാശം വ്യക്തിയുടെ അവകാശത്തിനുമേല്‍ കടന്നുകയറുന്നില്ല എന്നാണ് കണ്ടെത്തിയത്. എന്നാല്‍ വ്യക്തിയുടെ അന്തസിനുമേലെ കടന്നുകയറുന്ന  സമുദായത്തിന്‍റെ ആചാരം ഭരണഘടനാ മൂല്യങ്ങള്‍ക്കു നിരക്കുന്നതല്ലെന്ന നിലപാടാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ആര്‍.എഫ് നരിമാനും വിശകലനം നടത്തിയത് Essential Practice Test  മാനദണ്ഡപ്രകാരമാണ്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുവതീപ്രവേശത്തിന് അനുകൂലമായി വിധിയെഴുതിയത് അനുച്ഛേദം 25 പ്രകാരം ഭരണഘടന അനുവദിക്കുന്ന മൗലിക ആരാധനാസ്വാതന്ത്ര്യം ആധാരമാക്കിയാണ്. ഹിന്ദുക്കളുടെ പൊതു ആരാധനാകേന്ദ്രമായ ശബരിമലയില്‍ ലിംഗഭേദമില്ലാതെ ഏതൊരു ഹിന്ദുവിനും പ്രവേശിക്കാനും പ്രാര്‍ഥിക്കാനും അവകാശമുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. പത്തിനും അന്‍പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കുന്നത് വ്യക്തിയുടെ മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്‍റെ ലംഘനമാണെന്നായിരുന്നു കണ്ടെത്തല്‍. അനുച്ഛേദം 26 ശബരിമലപ്രശ്നത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും ദീപക് മിശ്ര പരിശോധിച്ചു.

പ്രത്യേക വിഭാഗമായി (religious denominations) പരിഗണിക്കാവുന്ന സമൂഹങ്ങള്‍ക്കാണ് അനുച്ഛേദം 26ന്‍റെ പരിഗണന ലഭിക്കുക. അയ്യപ്പഭക്തര്‍ ഈ ഗണത്തില്‍പെടുന്നില്ലെന്നാണ് മുന്‍കാല സുപ്രീംകോടതി വിധികളില്‍നിന്ന് ഉരുത്തിരിഞ്ഞ മാനദണ്ഡങ്ങള്‍ അനുസരിച്ച് അദ്ദേഹം നിഗമനത്തിലെത്തിയത്. അയ്യപ്പഭക്തര്‍ എന്നാല്‍ ഹിന്ദുക്കള്‍ തന്നെയാണ്. ഹൈന്ദവവിശ്വാസപ്രകാരം യുവതികളെ വിലക്കുന്നത് അനിവാര്യമായ ആചാരമല്ല (essential practice) എന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിയത്.

ജസ്റ്റിസ് ആര്‍.എഫ്.നരിമാനും രണ്ട് അനുച്ഛേദങ്ങളുടെ പാരസ്പര്യത്തെ കാര്യമായി ആശ്രയിച്ചുവെന്ന് വ്യക്തമാണ്. 25 പ്രകാരമുള്ള വ്യക്തിയുടെ മൗലികാവകാശത്തിന്‍റെ ലംഘനമാണ് യുവതീപ്രവേശന വിലക്കെന്ന് ജസ്റ്റിസ് നരിമാന്‍റെ വിധിയിലും ഉറപ്പിക്കുന്നു. അയ്യപ്പഭക്തര്‍ ഹിന്ദുക്കളാണ് എന്നല്ലാതെ പ്രത്യേക ഗണമല്ലാത്തതിനാല്‍  അനുച്ഛേദം 26ന്‍റെ  ആനുകൂല്യം ലഭിക്കുന്നതുമില്ല.  എന്നാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കണ്ടെത്തലില്‍നിന്ന് വ്യത്യസ്തമായി യുവതീപ്രവേശവിലക്കിന് ശബരിമലയില്‍ അനിവാര്യ ആചാരത്തിന്‍റെ സ്വഭാവമുണ്ടെന്ന് അദ്ദേഹം കണ്ടെത്തുന്നു. അനുച്ഛേദം 26 അനുച്ഛേദം 25ന് വിധേയപ്പെടുന്ന ഒരു സന്ദര്‍ഭം അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. വിധിപ്രസ്താവത്തിന്‍റെ ഖണ്ഡിക 21.13 ല്‍ അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു– അനുച്ഛേദം ഇരുപത്തിയാറുപ്രകാരം മതാചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള അവകാശം അനുച്ഛേദം 25(2)(b) പ്രകാരം നിര്‍മിക്കപ്പെട്ട നിയമത്തിന് വിധേയമായിരിക്കും– 25(2)(b) എന്നാല്‍ മതാനുഷ്ഠാനത്തിനുള്ള അവകാശത്തിനുമേല്‍ നിയമനിര്‍മാണത്തിലൂടെ കൊണ്ടുവരാവുന്ന പുരോഗമനപരമായ നിയന്ത്രണമാണ്. ഹിന്ദുവിഭാഗങ്ങളുടെ ഉന്നമനവും സാമൂഹികസുരക്ഷയുമാകണം  നിയമത്തിന്‍റെ അന്തസത്ത.

തുടക്കത്തില്‍ സൂചിച്ചതുപോലെ മതസ്വാതന്ത്ര്യത്തെ വിശകലനം ചെയ്യുമ്പോള്‍ വ്യത്യസ്തമായ സമീപനമാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സ്വീകരിച്ചത്. മൗലികാവകാശങ്ങളുടെ അന്തസത്തയെന്തെന്ന് വിശദമായ വിശകലനം നടത്തി, ആ വെളിച്ചത്തില്‍ മതസ്വാതന്ത്ര്യത്തിന്‍റെ രണ്ട് അനുച്ഛേദങ്ങളെയും വ്യാഖ്യാനിച്ചുകൊണ്ടാണ് ശബരിമലയിലെ ചോദ്യങ്ങളിലേക്ക് അദ്ദേഹം കടക്കുന്നത്. പരിഷ്ക്കരണമാണ് (reform) ഇന്ത്യന്‍ ഭരണഘടനയുടെ മൗലികസ്വഭാവം. വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും അന്തസിനെ ഭരണഘടന പരമപ്രധാനമായി കാണുന്നു. വ്യക്തിയുടെ തുല്യതയ്ക്കും അന്തസിനും വേണ്ടിയുള്ള അന്വേഷണത്തില്‍ സ്ത്രീകളെ എങ്ങനെ മാറ്റിനിര്‍ത്താനാകും? പൊതു ആരാധനാലയത്തില്‍നിന്ന് സ്ത്രീയെ വിലക്കിയാല്‍ ഈ അന്വേഷണം പൂര്‍ണമാകുമോ? ജസ്റ്റിസ് ചന്ദ്രചൂ‍ഡ് ചോദിക്കുന്നു.

വ്യക്തിയുടെ മതസ്വാതന്ത്ര്യത്തിലൂന്നിയ അനുച്ഛേദം 25നെയും സമുദായത്തിന്റെ മതസ്വാതന്ത്ര്യത്തിലൂന്നിയ അനുച്ഛേദം 26നെയും എങ്ങനെ വായിക്കണമെന്ന് ചന്ദ്രചൂഡ് വ്യക്തമാക്കുന്നുണ്ട്.  മൗലികാവകാശങ്ങള്‍ വെവ്വേറെ ചതുരപ്പെട്ടികളില്‍ അടച്ചുവച്ചിരിക്കുകയല്ല. അവ പരസ്പരം ആശ്രയിച്ചുനില്‍ക്കുന്നവയാണ്, ചേര്‍ത്തുവായിക്കേണ്ടവയാണ്. ഭരണഘടനയുടെ ആമുഖത്തിലടങ്ങിയ നീതി, സ്വാതന്ത്ര്യം, തുല്യത, അന്തസ് എന്നീ മൂല്യങ്ങളുടെ  വെളിച്ചത്തില്‍ കോര്‍ത്തിണക്കിയവയാണ് മൗലികാവകാശങ്ങള്‍. അതുകൊണ്ടുതന്നെ അനുച്ഛേദം 26 മതവിഭാഗങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ആരാധനാസ്വാതന്ത്ര്യം വ്യക്തിയുടെ അന്തസിനെയും തുല്യതയെയും ഹനിക്കുന്നതാവരുത് എന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേരുന്നത്.

ശബരിമലയില്‍ യുവതികള്‍ക്കുള്ള വിലക്ക് അനുച്ഛേദം 25ന്‍റെ മാത്രം പ്രശ്നമല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് കണ്ടെത്തുന്നു. തുല്യതയ്ക്കുള്ള അവകാശം,  വിവേചനത്തിനും തൊട്ടുകൂടായ്മയ്ക്കുമെതിരായ അവകാശങ്ങള്‍ എന്നിങ്ങനെ വ്യക്തിയുെട അന്തസിനെ ഉയര്‍ത്തിപ്പിടിക്കുന്ന മൗലികാവകാശങ്ങള്‍ക്ക് എതിരാണ് ശബരിമലയില്‍ യുവതിക്കള്‍ക്കുള്ള വിലക്ക്. ചുരുക്കത്തില്‍, സമുദായത്തിന്റെ മതസ്വാതന്ത്ര്യം  വ്യക്തിയുടെ സ്വാതന്ത്ര്യത്തിനും അന്തസിനും മുകളിലല്ല എന്നുറപ്പിക്കുകയാണ് ജസ്റ്റിസ് ചന്ദ്രചൂഡ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെയും ജസ്റ്റിസ് നരിമാന്‍റെയും വിധിയിലെന്നപോലെ അയ്യപ്പഭക്തന്മാര്‍‍ പ്രത്യേക വിഭാഗമല്ല എന്ന നിഗമനം ജസ്റ്റിസ് ചന്ദ്രചൂഡിനുമുണ്ട്. ചീഫ് ജസ്റ്റിസിന്‍റെ വിധിയെിലെന്നപോലെ യുവതികള്‍ക്കുള്ള വിലക്ക് അനിവാര്യമായ ആചാരമല്ല എന്ന നിഗമനത്തിലും അദ്ദേഹം എത്തുന്നുണ്ട്.

പക്ഷേ,അനിവാര്യമായ ആചാരമേതെന്ന പരിശോധന ( essential religious practice test) മതസ്വാതന്ത്ര്യ നിര്‍ണയത്തിന്‍റെ ആധാരമായി സ്വീകരിക്കുന്ന രീതിയോട് അദ്ദേഹം ശക്തമായി വിയോജിക്കുന്നു. കോടതി ആ പരിശോധനയിലേര്‍പ്പെടുന്നതിലൂടെ വൈരുദ്ധ്യങ്ങളുടെ വലയിലകപ്പെടുകയാണ് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മതാചാരങ്ങളുടെപേരില്‍   വ്യക്തിയുടെ അന്തസിനെ  ഹനിക്കുന്നവിധമുള്ള അകറ്റിനിര്‍ത്തല്‍ സംഭവിക്കുന്നുണ്ടോ  എന്ന പരിശോധനയാണ് വേണ്ടത് (anti exclusion principle) എന്ന് അദ്ദേഹം വാദിക്കുന്നു. ഈ പ്രശ്നം ഒന്‍പതംഗബെഞ്ചിന്‍റെ മറ്റൊരു പരിശോധനാവിഷയമായതിനാല്‍ അത് വിശദമായി പിന്നീട് നോക്കാം.

ഇതരമൗലികാവകാശങ്ങളുടെകൂടി വെളിച്ചത്തിലാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ശബരിമലയുമായി ബന്ധപ്പെട്ട മതസ്വാതന്ത്ര്യത്തെ വിലയിരുത്തിയത്. പക്ഷേ മറ്റ് മൗലികാവകാശങ്ങളിലൊന്നും കടന്നുകയറുന്നതല്ല ശബരിമലയിലെ യുവതീപ്രവേശ വിലക്ക് എന്ന നിഗമനത്തിലാണ് ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര എത്തിയത്. അനുച്ഛേദം ഇരുപത്തിയഞ്ചും ഇരുപത്തിയാറും തമ്മിലുള്ള പാരസ്പര്യത്തെ അയ്യപ്പഭക്തസമൂഹത്തിന് അനുകൂലമായവിധം വ്യാഖ്യാനിച്ചു ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. നൈഷ്ഠിക  ബ്രഹ്മചാരിയായ ശബരിമല അയ്യപ്പനെ ആരാധിക്കാനുള്ള ഭക്തന്‍റെ അവകാശത്തില്‍ ഉള്‍ചേര്‍ന്നിരിക്കുന്നതാണ് യുവതികളെ മാറ്റിനിര്‍ത്തുന്ന അനിവാര്യമായ ആചാരം എന്ന നിഗമനത്തിലാണ് ജസ്റ്റിസ് എത്തിച്ചേരുന്നത്. 

മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഭരണഘടനയിലെ രണ്ട് അനുച്ഛേദങ്ങളും പരസ്പരം എങ്ങനെ സ്വാധീനിക്കുന്നുവെന്നത് വിശാല ചോദ്യമാണ്. ഇതിന്‍റെ സൂക്ഷ്മവിശകലനത്തിന് ഉതകുന്ന പരിഗണനാവിഷയങ്ങളും ഒന്‍പതംഗ ബെഞ്ചിന് മുന്നില്‍ വരുന്നുണ്ട്.

വിശാലനിയമപ്രശ്നങ്ങളും ശബരിമലയും

പരിഗണനാവിഷയം 3) :  അനുച്ഛേദം 26 പ്രകാരം മതവിഭാഗങ്ങള്‍ക്കുള്ള പ്രവര്‍ത്തനസ്വാതന്ത്ര്യം മറ്റ് മൗലികാവകാശങ്ങള്‍ക്കൂടി ഉള്‍പ്പെട്ട ഭരണഘടനയുടെ മൂന്നാം ഭാഗത്തിന് വിധേയമാണോ?  

പരിഗണനാവിഷയം 4): മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന് പരിധി നിശ്ചയിക്കുന്ന സദാചാരം/ ധാര്‍മികത ( morality) എന്നതുകൊണ്ട് അര്‍ഥമാക്കുന്നതെന്താണ്? ധാര്‍മികത എന്നാല്‍  ഭരണഘടനാ ധാര്‍മികത ആണോ?

ശബരിമലയിലെ സുപ്രീംകോടതി വിധിയിലും ഈ ചോദ്യങ്ങള്‍ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൂടി പരിശോധിക്കേണ്ടതുണ്ട്. ലളിതമായി പറഞ്ഞാല്‍ , മതവിഭാഗത്തിന്‍റെ അവകാശങ്ങള്‍ക്ക് വ്യക്തിയുടെ അവകാശങ്ങള്‍ക്കുമേല്‍ മേല്‍ക്കൈ നല്‍കുന്ന വ്യാഖ്യാനം സുപ്രീംകോടതി നല്‍കിയാല്‍ അത് ശബരിമലയിലെ ഭൂരിപക്ഷവിധിയുടെ അടിത്തറയെ ഇളക്കിയേക്കാം. പക്ഷേ, ഭരണഘടനയുടെ സാമൂഹികപരിഷ്ക്കരണസ്വഭാവത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതനീതിപീഠം ആ വഴിയില്‍ ചിന്തിക്കില്ല എന്ന് പ്രതീക്ഷിക്കാം.

(തുടരും)

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...