മാസം ഒന്ന്, ജീവൻ മുപ്പത്; സുരക്ഷയ്ക്കായി പരിഷ്ക്കാരങ്ങൾ

accident-road1
SHARE

കോട്ടയം ജില്ലയില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണം ശക്തമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. അപകടത്തിനിടയാക്കുന്ന കാരണങ്ങള്‍ കണ്ടെത്താന്‍ ജില്ലയിലെ പ്രധാന റോഡുകളില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തി. എംസി റോഡിലുള്‍പ്പെടെ അശാസ്ത്രീയമായ റോഡ് നിര്‍മാണം അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരിശോധനയില്‍ കണ്ടെത്തി.  

പുതുവര്‍ഷത്തില്‍ ഒരു മാസം പിന്നിട്ടപ്പോള്‍ കോട്ടയത്ത് മുപ്പത് പേരാണ് വിവിധ അപകടങ്ങളില്‍ മരണപ്പെട്ടത്. ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ എംസി റോഡിലായിരുന്ന കൂടുതല്‍ അപകടങ്ങള്‍. ഇതിന്‍റെ കാരണങ്ങള്‍ കണ്ടെത്താനാണ് മോട്ടോര്‍ വാഹന വകുപ്പ്, നാറ്റ്പാക്, പൊലീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന. എംസി റോഡില്‍ ചങ്ങനാശേരി മുതല്‍ കുറവിലങ്ങാട് വരെ പരിശോധന നടത്തി. അശാസ്ത്രീയമായ റോഡ് നിര്‍മാണം ഡിവൈഡറുകള്‍ സ്ഥാപിച്ചതിലെ പിഴവുകള്‍, റോ‍ഡ് കയ്യേറിയുള്ള വഴിയോര കച്ചവടം ഉള്‍പ്പെടെ അപകടങ്ങള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തി. ചങ്ങനാശേരിക്കും കോട്ടയത്തിനും ഇടയിലുള്ള തുരുത്തി ജംക്ഷനാണ് ഏറെ അപകടസാധ്യതയുള്ള മേഖലയെന്ന് പരിശോധനയില്‍ കണ്ടെത്തി. വിവിധ അപകടങ്ങളിലായി ആറു പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.  

അടുത്ത ദിവസം കോഴ മുതല്‍ ജില്ലാ അതിര്‍ത്തിയായ ചോരക്കുഴി പാലം വരെ സംഘം പരിശോധന നടത്തും. പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് സംഘം ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കും. പിന്നീട് ഓരോ വകുപ്പുകളും സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിച്ച് പൊതുമരാമത്ത് വകുപ്പിന് കൈമാറും. കാലതാമസം കൂടാതെ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കി അപകടങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യം. 

MORE IN KERALA
SHOW MORE
Loading...
Loading...