മണ്ണുമാന്തി കൊണ്ടിടിച്ചു; തലയും വാരിയെല്ലുകളും നുറുങ്ങി; അരുംകൊലയിൽ നടുങ്ങി നാട്

sangeeth-25
SHARE

കാട്ടാക്കടയിലെ സ്വന്തം ഭൂമിയിൽ നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ സംഗീതിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. വീടിന്റെ ഒരുഭാഗം തകർക്കാൻ ശ്രമിച്ച അക്രമിസംഘത്തെ തടയാനിറങ്ങിയ സംഗീതിനെ മണ്ണുമാന്തിയുടെ ബക്കറ്റിനിടിച്ച് മതിലിനരികത്തേക്ക് ഇടുകയായിരുന്നു. എഴുന്നേൽക്കാൻ ഒരുങ്ങവേ കലിപൂണ്ട ടിപ്പർ ഡ്രൈവർ മതിലിടിച്ചിട്ടു. ഇടിയിൽ സംഗീതിന്റെ വാരിയെല്ലുകൾ തകർന്നു. മുഖത്തിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. 

മണ്ണ് മാഫിയ ആക്രമിക്കുന്നുവെന്ന് സ്റ്റേഷനിൽ വിളിച്ചറിയിച്ചുവെങ്കിലും വെറും അഞ്ച് കിലോ മീറ്റർ അപ്പുറത്ത് നിന്ന് പൊലീസ് എത്തിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് മണ്ണുമാന്തിയുടെ ശബ്ദം കേട്ടതെന്ന് നാട്ടുകാർ പറയുന്നു. സംഗീതിന്റെ ഭൂമിയിൽ നിന്ന് നേരത്തെ മണ്ണെടുത്തിരുന്നതിനാൽ ലൈറ്റ് ഓഫാക്കി കിടന്നുവെന്ന് അയൽവാസികൾ വ്യക്തമാക്കി. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ സംഗീത് വിളിച്ചതോടെയാണ് പുറത്തേക്കിറങ്ങിയത്. താൻ വീട്ടിൽ ഇല്ലെന്നും വീടിന് പിന്നിൽ ആരോ മണ്ണിടിക്കുന്നു, ഒന്ന് നോക്കാമോ വേഗം എത്താമെന്നും പറഞ്ഞതോടെ നാട്ടുകാർ ഇടപെട്ടു.

നാട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ മാഫിയ മണ്ണെടുക്കലും കടത്തലും തുടർന്നു. ഈ സമയത്ത് സംഗീതും സ്ഥലത്തെത്തി. രണ്ട്കൂട്ടരും തമ്മിൽ വാക്കേറ്റമായി. പൊലീസ് സഹായം തേടി ഒരു മണിക്കൂർ കഴിഞ്ഞിട്ടും വിവരമില്ലാതിരുന്നതിനെ തുടർന്ന് വീണ്ടും ഫോൺ ചെയ്യാൻ സംഗീത് വീട്ടിലേക്ക് കയറി. ടിപ്പറും മണ്ണുമാന്തിയും പുറത്തുപോകാതിരിക്കാ‍ൻ കാർ കുറുകെയിട്ടാണ് സംഗീത് പോയത്. എന്നാൽ കാർ ലോക്ക് ചെയ്തിരുന്നില്ല.

ഇതിനിടെ മാഫിയ സംഘത്തിലൊരാൾ ടിപ്പറിനും മണ്ണ് മാന്തിക്കും തടസ്സമായി കിടന്ന സംഗീതിന്റെ കാർ  റോഡിലേക്ക് മാറ്റി. നൊടിയിടയിൽ വീടിന്റെ ഒരുഭാഗം അക്രമികൾ തകർത്തു. ഇത് തടയാൻ പുറത്തിറങ്ങിയതോടെയാണ് സംഗീതിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. 

ആന്തരിക അവയവങ്ങൾക്കേറ്റത് ഗുരുതര പരുക്ക്

മണ്ണുമാന്തിയുടെ ബക്കറ്റിനും ടിപ്പറിനുമേറ്റ ഇടിയിൽ സംഗീതിന്റെ തലയോടും വാരിയെല്ലുകളും തകർന്നു. ആന്തരികാവയവങ്ങൾക്ക് ഗുരുതര പരുക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളെജിലും എത്തിച്ചെങ്കിലും സംഗീതിനെ രക്ഷിക്കാൻ സാധിച്ചില്ല. കേസിൽ മണ്ണുമാന്തി ഡ്രൈവർ വിജിൻ ഉൾപ്പടെ മൂന്ന് പേർ മാത്രമാണ് ഇതുവരെ അറസ്റ്റിലായത്.

MORE IN KERALA
SHOW MORE
Loading...
Loading...