പ്രതിപക്ഷനീക്കത്തില്‍ വെട്ടിലായി സര്‍ക്കാരും സിപിഎമ്മും; പിന്തുണച്ചേക്കില്ല?

pinarayi-vijayan-niyamasabha-ramesh
SHARE

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയതോടെ സര്‍ക്കാരും സിപിഎമ്മും വെട്ടിലായി. ഗൗരവമായ ആലോചന കൂടാതെ ഭരണനിര്‍വഹണത്തെ ബാധിക്കുന്ന നിലപാട് സര്‍ക്കാരിന് സ്വീകരിക്കാനാവില്ല. പൗരത്വനിയമ ഭേദഗതിക്കെതിരായ സമരത്തില്‍ പാര്‍ട്ടിക്കുള്ള മേല്‍ക്കൈ ഇല്ലാതാക്കാന്‍ നടത്തിയ രാഷ്ട്രീയ നീക്കമാണ് പ്രതിപക്ഷത്തിന്റേതെന്നാണ് സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍. 

ഈ സാഹചര്യത്തില്‍ പ്രതിപക്ഷനീക്കത്തെ സിപിഎമ്മും സര്‍ക്കാരും പിന്തുണച്ചേക്കില്ല. എങ്കില്‍ പൗരത്വപ്രശ്നത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തെത്തും.

സംയുക്തസമരത്തിന് തുടര്‍ച്ചയായി പ്രതിപക്ഷത്തെ ക്ഷണിക്കുന്ന സര്‍ക്കാരിനും ഇടതുമുന്നണിക്കും മുന്നില്‍ പ്രതിപക്ഷം നടത്തിയ ശക്തമായ രാഷ്ട്രീയ കരുനീക്കമാണ് ഗവര്‍ണര്‍ക്കെതിരായ പ്രമേയം. ഏറ്റവുമവസാനം എം.പിമാരുടെ യോഗത്തില്‍ പോലും ഒരുമിച്ച് പോരാടണമെന്ന സന്ദേശം മുന്നോട്ടുവച്ച മുഖ്യമന്ത്രി പിണറായി വിജയന് ഒറ്റയടിക്ക് തള്ളിക്കളയാന്‍ പറ്റുന്നതല്ല പ്രതിപക്ഷത്തിന്റെ ആവശ്യം. 

എന്നാല്‍ ഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകേണ്ട ബാധ്യതയുള്ള സര്‍ക്കാരിന് ഗവര്‍ണറോട് തുറന്ന പോര് പ്രഖ്യാപിക്കാനുമാവില്ല. സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ തുടര്‍ച്ചയായി പോര്‍ വിളിച്ചിട്ടും ഒരിക്കല്‍ മാത്രമാണ് മുഖ്യമന്ത്രി മറുപടി പറയാന്‍ തയ്യാറായത്. 

പൗരത്വനിയമഭേദഗതിക്കെതിരെ സമരപരിപാടികള്‍ തീരുമാനിച്ച കേന്ദ്രകമ്മിറ്റിയോഗത്തിന് അവസാനം കുറിച്ച് പുത്തരിക്കണ്ടത്ത് നടന്ന പൊതുയോഗത്തിലും പിണറായി വിജയന്‍ ഗവര്‍ണറുടെ കാര്യത്തില്‍ മൗനം പാലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണറോടുള്ള സര്‍ക്കാരിന്റെ മൃദുസമീപനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രതിപക്ഷനേതാവിന്റെ നീക്കം.

നാളെ നടക്കാനിരിക്കുന്ന ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങലയില്‍ നിന്ന് ശ്രദ്ധമാറ്റുന്നതിനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നാണ് സിപിഎം കരുതുന്നത്. ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട ബാധ്യതകളില്ലാത്ത പ്രതിപക്ഷത്തിനാണ് ഗവര്‍ണര്‍ക്കെതിരായ നീക്കത്തിന്റെ രാഷ്ട്രീയനേട്ടം. 

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറിയാലും കാര്യമൊന്നുമില്ലെന്നും പാര്‍ട്ടി വിലയിരുത്തുന്നു. പകരം വരുന്നയാള്‍ ഇതിലും ശക്തമായ നിലപാട് സ്വീകരിച്ചാല്‍ എന്തുചെയ്യുമെന്നാണ് സിപിഎമ്മിന്റെ ചോദ്യം. അതിനാല്‍ വിശദമായി ആലോചിക്കാതെ പാര്‍ട്ടിയും സര്‍ക്കാരും ഇക്കാര്യത്തില്‍ നിലപാടെടുക്കില്ല.  

MORE IN KERALA
SHOW MORE
Loading...
Loading...