സർക്കാർ കരാറുകാർ സമരം ആരംഭിച്ചു; ടെൻ‍‍‍ഡറുകൾ ബഹിഷ്കരിക്കും; പ്രതിഷേധം

contractors
SHARE

കരാര്‍ ജോലികളുടെ കുടിശിക തുക നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം സര്‍ക്കാര്‍ കരാറുകാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. അനുകൂല തീരുമാനം വരുന്നതുവരെ ടെന്‍ഡറുകള്‍ ബഹിഷ്കരിക്കാനാണ് തീരുമാനം. കരാറുകാര്‍ക്ക് പ്രഖ്യാപിച്ചിരുന്ന ബോണസും മറ്റ് ആനുകൂല്യങ്ങളും റദ്ദാക്കിയതിലും പ്രതിഷേധം ശക്തമാണ്. 

ഗവ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷനാണ് സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ സമരം ആരംഭിച്ചത്. പൊതുമരാമത്ത് , തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ വിഭാഗങ്ങളില്‍ വിവിധ നിർമാണങ്ങൾ പൂർത്തിയാക്കിയ കരാറുകാർക്ക് 4000 കോടി രൂപയാണ് കുടിശിക. 

പൊതുമരാമത്ത് വകുപ്പിൽ നിന്ന് മാത്രം 2200 കോടി രുപ കരാറുകാര്‍ക്ക് ലഭിക്കാനുണ്ട്. ജോലികള്‍ ഏറ്റെടുത്താല്‍ കരാറുകാരന്‍ പോക്കറ്റില്‍ നിന്ന് പണം ചെലവഴിക്കേണ്ട ഗതികേടിലാണ്. സര്‍ക്കാരിന് മുന്നില്‍ ധര്‍മസങ്കടം പലതവണ അവതരിപ്പിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ഇതിനിടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കരാറുകാര്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ടെന്‍ഡറുകള്‍ ബഹിഷ്ക്കരിക്കാനുള്ള തീരുമാനം. 

ഒരു കോടിയില്‍ താഴെയുള്ള ജോലികള്‍ക്ക് പൊതുമരാമത്ത് വകുപ്പാണ് ടാര്‍ നല്‍കിയിരുന്നത്. ഇത് നിര്‍ത്തലാക്കി. കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് നല്‍കിയിരുന്ന ഒരു ശതമാനം ബോണസും നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. 2016 17 കാലയളവിലെ ജോലികളുടെ സര്‍വീസ് ടാക്സ് കരാറുകാരില്‍ നിന്ന് ഈടാക്കാനുള്ള തീരുമാനത്തിനെതിരെയും പ്രതിഷേധം ശക്തമാണ്. ഫെബ്രുവരി അഞ്ചിന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്താനാണ് കരാറുകാരുടെ തീരുമാനം.

MORE IN KERALA
SHOW MORE
Loading...
Loading...