രാഹുൽഗാന്ധി മോദിക്ക് പറ്റിയ എതിരാളിയല്ല; എംപിയാക്കിയത് മണ്ടത്തരം; വിമർശിച്ച് ഗുഹ

മലയാളികൾ ചെയ്ത മണ്ടത്തരം രാഹുൽ ഗാന്ധിയെ പാർലമെന്റിലേക്ക് അയച്ചതാണെന്ന് ചരിത്രകാരൻ രാമചന്ദ്രഗുഹ. സ്വന്തം കഠിനാധ്വാനത്തിലൂടെ ഉയർന്ന് വന്ന നരേന്ദ്രമോദിയെ പോലൊരു രാഷ്ട്രീയക്കാരന് പറ്റിയ എതിരാളിയല്ല കുടുംബ വാഴ്ചയിൽ നിന്ന് രാഷ്ട്രീയ പദവിയിലേക്കെത്തിയ രാഹുൽ ഗാന്ധി. 2024 ലും രാഹുലിനെ വിജയിപ്പിക്കാനാണ് മലയാളികൾ തീരുമാനിക്കുന്നതെങ്കിൽ മോദിക്ക് സുവർണാവസരം വച്ച് നീട്ടലാകുമെന്നും അദ്ദേഹം തുറന്നടിച്ചു

'താൻ ഒരു രാഹുൽ ഗാന്ധിയല്ല എന്നതാണ് മോദിയുടെ ഏറ്റവും വലിയ മെച്ചം. 15 വർഷം ഒരു സംസ്ഥാനം ഭരിച്ചതിന്റെ അനുഭവ സമ്പത്തുള്ള കഠിനാധ്വാനിയാണ് മോദി. അവധിക്കാലം യൂറോപ്പിൽ പോയി ചിലവഴിക്കാതെ രാഷ്ട്രീയത്തിൽ ഉയർന്ന് വരാൻ കഠിനാധ്വാനം നടത്തിയതിന്റെ ഫലമാണ് ഇന്ന് കാണുന്നത്'. രാഹുൽ ഗാന്ധി വിദേശത്ത് അവധിക്കാലം ആഘോഷിച്ചില്ലെങ്കിലും കഠിനാധ്വാനി ആയാലും കുടുംബ വാഴ്ചയുടെ പ്രതിനിധിയെന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയത്തിന് യോജിച്ചയാളല്ലെന്നും ഗുഹ കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയെ പ്രതിപക്ഷം എതിർസ്ഥാനത്ത് നിർത്തുന്നത് കൊണ്ട് മാത്രമാണ് കശ്മീർ വിഷയത്തിലും ചൈനയുടെ വിഷയത്തിലും മുത്തലാഖിലും നെഹ്റുവിന് പഴി കേൾക്കേണ്ടി വരുന്നത്. രാഹുൽ ആ പദവിയിൽ ഇല്ലാത്തപ്പോൾ സ്വന്തം പദ്ധതികളെ കുറിച്ചും അവ എങ്ങനെ വൻ പരാജയമായെന്നതും മോദിക്ക് വിശദീകരിക്കേണ്ടി വരും. രാഹുൽ കളത്തിലുള്ളപ്പോൾ ഒരിക്കലും മോദിക്ക് സ്വന്തം ഭരണത്തെ കുറിച്ചോർത്ത് ആകുലപ്പെടേണ്ടി വരുന്നില്ലെന്നും അത് വലിയ സൗകര്യമാണെന്നും അദ്ദേഹം പറയുന്നു. വ്യക്തിപരമായി രാഹുൽ ഗാന്ധി വളരെ നല്ലവനും മാന്യനുമായ മനുഷ്യനാണ്.പക്ഷേ ഇന്നത്തെ ഇന്ത്യയ്ക്ക് വേണ്ട രാഷ്്ട്രീയക്കാരനല്ലെന്നും രാമചന്ദ്രഗുഹ വ്യക്തമാക്കി.

മുഗൾ രാജവംശത്തിന്റെ പതനകാലമാണ് സോണിയയെ തനിക്ക് ഓർമ്മപ്പെടുത്താനുള്ളതെന്നും ഗുഹ പറയുന്നു. ഡൽഹിയിൽ സ്തുതിപാഠകർ പറയുന്നത് കേട്ടിരുന്നത് കൊണ്ട് കാര്യമില്ലെന്നും സ്വാതന്ത്ര്യസമരകാലത്തെ വലിയ പാർട്ടിയിൽ നിന്ന് ക്ഷയിച്ച തറവാടായി കോൺഗ്രസ് മാറിക്കഴിഞ്ഞെന്നും അദ്ദേഹം വിമർശിക്കുന്നു.

 ഇന്ത്യയെക്കാൾ മറ്റ് രാജ്യങ്ങളോട് മമത കാണിക്കുന്ന ഇടതുപാർട്ടികളുടെ കാപട്യം തീവ്ര ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെ വലിയ അളവിൽ സഹായിക്കുകയാണ് ഉണ്ടായത്. ഇതോടൊപ്പം തീവ്രദേശീയത ആഗോള വ്യാപകമായി ഉയർന്നതും രാജ്യം ഇന്ന് കാണുന്ന ഹിന്ദുത്വ ആശയങ്ങളുടെ വളർച്ചയ്ക്ക് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുത്താണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.