ഗാന്ധിജിയുടെ 150-ാം ജന്മവർഷം; 1.8 കോടിയിൽ ചരിത്രനിമിഷങ്ങളുമായി ഒരു മ്യൂസിയം

ഗാന്ധിജിയുടെ നൂറ്റിഅന്‍പതാം ജന്മവര്‍ഷത്തില്‍ പുരാരേഖാ വകുപ്പിന്റെ ഗാന്ധി മ്യൂസിയം വൈക്കത്ത് തുറക്കുന്നു. വൈക്കം സത്യാഗ്രഹത്തിനായി ഗാന്ധിജി വന്നിറങ്ങിയ ബോട്ട് ജെട്ടിക്ക് സമീപമാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഒരു കോടി 80 ലക്ഷം രൂപ മുടക്കിയാണ് മ്യൂസിയത്തിന്റെ നിർമ്മാണം.

1924 മാർച്ച് 30ന് തുടങ്ങി 603 ദിവസങ്ങൾ നീണ്ട വൈക്കം സത്യാഗ്രഹ സമരത്തിന്റെ നാൾവഴിയാണ് പുരാരേഖാ വകുപ്പിന്റെ ഈ മ്യൂസിയത്തിന്റെ മുഖ്യ ആകർഷണം. 24 ൽസമരം തുടങ്ങി ഗാന്ധിജിവൈക്കം ബോട്ട് ജെട്ടിയിൽ ഇറങ്ങുന്നതു മുതൽ കായൽക്കര പ്രസംഗവും സവർണ്ണഅയിത്തം നേരിട്ടറിഞ്ഞ ഇണ്ടംതുരുത്തി മനയിലെ ചർച്ചയുമെല്ലാം ഇവിടെ കണ്ടറിയാം. കേരളത്തില്‍ നിലനിന്നിരുന്ന ജാതീയ അയിത്തം സൂചിപ്പിക്കുന്ന ശില്‍പമാവും മ്യൂസിയത്തിലെത്തുന്നവരെ സ്വീകരിക്കുക. പൂർണ്ണമായി ശീതികരിച്ച 4 ഹാളുകളിൽ ക്രമീകരിച്ചിരിക്കുന്ന ഡിജിറ്റൽ രൂപത്തിലുള്ള പുരാരേഖകളാണ് മ്യൂസിയത്തെ വേറിട്ടതാക്കുന്നത്. ഗാന്ധിജിയും വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട ചരിത്ര നിമിഷങ്ങൾ രേഖാചിത്രങ്ങൾക്കൊപ്പമാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. 1812 ലെയും 1865 ലെയുമൊക്കെ ചരിത്രമായ രാജ ഉത്തരവുകളുടെ ഡിജിറ്റൽ പകര്‍പ്പ് സന്ദര്‍ശകര്‍ക്ക് കൗതകാഴ്ചയാകും.

1925 നവംബർ 23 ലെ സത്യാഗ്രഹ വിജയ ആഹ്ലാദനിമിഷവും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചരിത്ര നിമിഷങ്ങൾ കണ്ട് 20 മിനിട്ടുള്ള ഡോക്യുമെന്ററി  ആസ്വദിച്ച് മടങ്ങാവുന്ന രീതിയിലാണ് മ്യൂസിയം ഒരുക്കിയിരിക്കന്നത്. അന്‍പതിലേറെ പേർക്കിരിക്കാവുന്ന ചിത്ര പ്രദർശന ശാലയും മ്യൂസിയത്തിലുണ്ട്. ഒപ്പംപുറത്തിറങ്ങുമ്പോൾ വിശ്രമിക്കാനുള്ള പുൽത്തകിടിയും..ബോട്ട് ജെട്ടിക്ക് സമീപമുള്ള വൈക്കം സത്യാഗ്രഹ സ്മാരകത്തിലാണ് മ്യൂസിയം തുറക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളില്‍ നിന്നായി 3 കോടി രൂപ മ്യൂസിയത്തിനായി അനുവദിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലം ലഭ്യമാവുന്നമുറക്ക് മ്യൂസിയം വിപുലീകരിക്കാനാണ് പദ്ധതി. ഈ മാസം 21 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മ്യൂസിയം തുറന്നുകൊടുക്കും.