ബന്ദിപ്പൂരിനെതിരെ സർക്കാർ നീക്കം; സത്യവാങ്മൂലം സമരസമിതി ആവശ്യങ്ങൾക്ക് കടകവിരുദ്ധം

bandipur-road
SHARE

ബന്ദിപ്പൂര്‍ പാതയിലൂടെയുള്ള രാത്രിയാത്രാ നിരോധനവിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുന്ന സത്യവാങ് മൂലം സമരസമിതിയുടെ ആവശ്യങ്ങള്‍ക്ക് കടകവിരുദ്ധം. കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിക്കാന്‍ മറ്റ് മൂന്ന് ബദല്‍ പാതകളുണ്ടെന്നാണ് കരട് സത്യവാങ് മൂലത്തില്‍ പറയുന്നത്. ബന്ദിപ്പൂരിലൂടെ കടന്നുപോകുന്ന വഴി പൂര്‍ണമായും അടയ്ക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥലോബിയും ശ്രമം നടത്തുന്നെന്ന് ആക്ഷന്‍ കമ്മിറ്റിയിലെ ഒരു വിഭാഗം ആരോപിക്കുന്നു.

മാനന്തവാടിയില്‍ നിന്നും കുട്ട ഗോണിക്കുപ്പ വഴി മൈസൂരിലെത്തുന്ന ബദല്‍ പാതയുടെ വീതി കൂട്ടി ബന്ദിപ്പൂര്‍ പാത പൂര്‍ണമായും അടയ്ക്കാമോ എന്ന് സുപ്രീംകോടതി കേന്ദ്രവനം മന്ത്രാലയത്തോട് ആരാഞ്ഞാതിനെത്തുടര്‍ന്ന് വലിയ ജനകീയ സമരങ്ങള്‍ ബത്തേരിയില്‍ നടന്നിരുന്നു.

സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന സത്യവാങ് മൂലത്തിന്റെ ഉള്ളടക്കം തീരുമാനിക്കാന്‍ കഴിഞ്ഞ മാസം 11 നാണ് മന്ത്രിതലയോഗം ചേരാന്‍ ധാരണയായത്.

എന്നാല്‍ അതിന് ഒരു ദിവസം മുമ്പ് തന്നെ സത്യവാങ്മൂലം സമര്‍പ്പിച്ചത് വിവാദമായിരുന്നു.

ഇതേത്തുടര്‍ന്നാണ് അഡീഷണല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിലടങ്ങിയ കാര്യങ്ങളെല്ലാം സമരസമിതിയുടെ താല്‍പര്യങ്ങള്‍ക്ക് കടകവിരുദ്ധമാണ്.

ബദല്‍ പാതകള്‍ പ്രായോഗികമല്ലെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ നിലപാട്. എന്നാല്‍ കരട്  സത്യവാങ്മൂലത്തില്‍ മൂന്ന് ബദല്‍പാതകള്‍ നിര്‍ദേശിക്കുന്നു. കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് ഇതു തിരുത്താന്‍ സാവകാശമുണ്ടാകുമോ എന്നാണ് ആശങ്ക. വിഷയം ചര്‍ച്ച ചെയ്യാന്‍ നേരത്തെ തീരുമാനമായ മന്ത്രിതലയോഗം ഇതുവരെ ചേര്‍ന്നിട്ടുമില്ല.

പ്രശ്നം പഠിക്കാന്‍ സമിതിയെ വെക്കാമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനവും ഇതുവരെ നടപ്പിലായില്ല. കര്‍ണാടക ഗാതഗതവകുപ്പുമായി കേരളത്തിന്റെ ചര്‍ച്ചയും നടന്നിട്ടില്ല.

MORE IN KERALA
SHOW MORE
Loading...
Loading...