ഓർമ നഷ്ടപ്പെട്ട മുത്തശ്ശി സ്റ്റേഷൻ മാറിയിറങ്ങി; ആശ്വാസമായി പൊലീസ്; കരുതല്‍; കുറിപ്പ്

POLICE=FB-POST-TRAIN
SHARE

ഒറ്റഫോണ്‍ വിളിയില്‍ സഹായവുമായി എത്തിയ കേരള പൊലീസിന് നന്ദി പറഞ്ഞ് യുവതി എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. രാമനാട്ടുകരയിൽ നിന്ന് ജോലി കഴിഞ്ഞ് രാത്രി സമയത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതിക്കാണ് ജനമൈത്രി പൊലീസിന്റെ സഹായം ലഭിച്ചത്. നാട്ടുകൽ ജനമൈത്രി പൊലീസിന് നന്ദി പറഞ്ഞ് യുവതി ഫെയ്സ്ബുക്കില്‍ കുറിച്ചത് കേരളാ പൊലീസിന്റെ ഫെയ്സ്ബുക് പേജിലും പങ്കുവച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് ഓർമ്മ നഷ്ടപ്പെട്ട് റെയിൽവേ സ്റ്റേഷൻ മാറിയിറങ്ങിയ മുത്തശ്ശിക്ക് കേരള പൊലീസിന്റെ കരുതല്‍ ലഭിച്ചത്. മുത്തശ്ശിയെ ഭദ്രമായി തിരികെ ഏൽപ്പിച്ച കേരള പൊലീസിന് നന്ദി പറഞ്ഞ് തമിഴ്നാട് സ്വദേശിയായ പേരക്കുട്ടി യാലിനിയുടെ കത്ത് കേരളാ പൊലീസിന്റെ ഫെയ്സ്ബുക് പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. 

പൊലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

ഓർമ നഷ്ടപ്പെട്ട മുത്തശ്ശി ട്രെയിൻ യാത്രക്കിടെ സ്റ്റേഷൻ മാറിയിറങ്ങി: മുത്തശ്ശിയെ കണ്ടെത്തിയ പൊലീസിന് നന്ദിയറിയിച്ച് പേരക്കുട്ടിയുടെ കത്ത്.

ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഗുരുവായൂർ എക്സ്പ്രെസ്സിൽ മധുരയിലെ വസതിയിലേക്ക് മടങ്ങുകയായിരുന്നു തമിഴ്നാട് സ്വദേശിയായ യാലിനിയുടെ മുത്തശ്ശിയും കുടുംബവും. "Hyponatremia" രോഗബാധിതയായ മുത്തശ്ശിക്ക് സോഡിയത്തിന്റെ കുറവ് മൂലം ഇടയ്ക്കിടെ ഓർമ്മക്കുറവ് വരാറുണ്ടായിരുന്നു. മധുരയിലേക്കുള്ള മടക്കയാത്രയിൽ അതിരാവിലെ മൂന്ന് മണിയോടെ ഓർമ്മക്കുറവ് സംഭവിച്ച് മുത്തശ്ശി സ്റ്റേഷൻ മാറി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. മുത്തശ്ശിയോടൊപ്പം ഉണ്ടായിരുന്ന യാലിനിയുടെ പിതാവ് രാവിലെ അഞ്ച് മണിയോടെ ഉറക്കമുണർന്നപ്പോഴാണ് അമ്മയെ കാണാനില്ലാത്ത വിവരം അറിയുന്നത്. പരിഭ്രാന്തനായ അദ്ദേഹം ട്രെയിൻ മുഴുവൻ തിരയുകയും ബന്ധുക്കളെയും റയിൽവേ പോലീസിനെയും അറിയിക്കുകയും ചെയ്തു.

ഇതിനിടെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപമുണ്ടായിരുന്ന ഒരു ആട്ടോ ഡ്രൈവർ വിവരമറിയിച്ചതിനെത്തുടർന്ന് തമ്പാനൂർ പോലീസ് മുത്തശ്ശിയെ സ്റ്റേഷനിൽ കൊണ്ട് പോയി വിവരങ്ങൾ തിരക്കിയെങ്കിലും കാര്യങ്ങൾ വ്യക്തമായിരുന്നില്ല. സ്റ്റേഷൻ ജി. ഡി ചാർജിൽ ഉണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ സഞ്ചു അവരെ ആശ്വസിപ്പിക്കുകയും പാനീയങ്ങൾ നൽകുകയും ഓർമ്മശക്തി വീണ്ടെടുത്തപ്പോൾ വിവരങ്ങളും മേൽവിലാസവും ചോദിച്ചറിയുകയും അവരുടെ താമസ സ്ഥലത്തിനടുത്തുള്ള ആളഗനല്ലൂർ പോലീസ് സ്റ്റേഷനിൽ വിളിച്ചു അറിയിക്കുകയും ചെയ്തു.

ആളഗനല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്നും ഫോൺ വന്നപ്പോഴാണ് യാലിനിയുടെ കുടുംബത്തിന് ആശ്വാസമായത്. മുത്തശ്ശി തിരുവനന്തപുരം റയിൽവെ സ്റ്റേഷന് എതിർഭാഗത്തുള്ള പോലീസ് സ്റ്റേഷനിൽ സുരക്ഷിതയായി ഉണ്ടെന്നായിരുന്നു വിവരം ലഭിച്ചത്. യാലിനിയുടെ അച്ഛൻ ഉടൻ തന്നെ തമ്പാനൂർ സ്റ്റേഷനിൽ ബന്ധപ്പെടുകയും പിന്നീട് സ്റ്റേഷനിലെത്തി മുത്തശ്ശിയെ കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു.

പോലീസിന്റെ ആത്മാർത്ഥമായ സഹായത്തിനും മാനുഷിക പരിഗണനയോടെയുള്ള ഇടപെടലിനും ആ ഓട്ടോ ഡ്രൈവർക്കും നല്ല വാക്കുകളിലൂടെ നന്ദി പറയുകയാണ് യാലിനി.

MORE IN KERALA
SHOW MORE
Loading...
Loading...