ആലപ്പുഴയിലെ ആദ്യ തുണി സഞ്ചി നിർമാണ യൂണിറ്റ്; മാതൃകയായി ഇരവുകാട്

പ്ലാസ്റ്റിക് നിർമാർജനം ലക്ഷ്യമിട്ട് ആലപ്പുഴ നഗരത്തിലെ ആദ്യ തുണിസഞ്ചി നിർമാണ യുണിറ്റ് പ്രവർത്തനം തുടങ്ങി. കുടത്തുണി ഉപയോഗിച്ച് മത്സ്യം വാങ്ങാനുള്ള സഞ്ചികൾ നിര്മിക്കുന്നതടക്കമുള്ള പദ്ധതികളാണ് പരിഗണനയിൽ. 

സംസ്ഥാനത്തു പ്ലാസ്റ്റിക് നിരോധിച്ചതോടെ ബദൽ മാർഗങ്ങൾ തേടുകയാണ് ഇരവുകാട്. പ്രാദേശികമായി സ്വീകരിക്കുന്ന, കഴുകി വൃത്തിയാക്കിയ പഴയ വസ്ത്രങ്ങൾ ഉപയോഗിച്ചാണ് തുണി സഞ്ചി നിർമ്മാണം. പത്തു സ്ത്രീകൾ ഉൾപ്പെടുന്നതാണ് സംഘം.  പ്ലാസ്റ്റിക്  വിരുദ്ധ കർമ്മ പരിപാടിയുടെ ഭാഗമായി ആരംഭിക്കുന്ന തുണിസഞ്ചി നിർമാണ യൂണിറ്റിന്റെ ഉദ്ഘാടനം എ.എം ആരിഫ് എം.പി നിർവ്വഹിച്ചു.

മാലിന്യ സംസ്കരണമെന്ന തലവേദന ആസൂത്രണ മികവ് കൊണ്ട് മറികടന്നവരാണ് ഇരവുകാട് നിവാസികൾ. കഴിഞ്ഞ 50 മാസമായി ഇരവുകാട് വാർഡിലെ ഒരാൾ പോലും പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുനിരത്തിൽ വലിച്ചെറിയാറില്ല. എല്ലാ മാസവും വീടുകളിൽ എത്തി   പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു സംസ്കരണത്തിന് കൈമാറുന്നതായിരുന്നു  ഇവിടുത്തെ രീതി.