നഷ്ടം കുമിഞ്ഞുകൂടിയെന്ന് കമ്പനി, കൂട്ടപിരിച്ചുവിടൽ; സമരം

jive-company
SHARE

സാമ്പത്തിക പരാധീനതയുടെ പേരില്‍ തൊഴിലാളികളെ കൂടത്തോടെ പിരിച്ചുവിട്ട് സര്‍ക്കാര്‍ പങ്കാളിത്തമുള്ള വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനി. ഇരുപത്തിയഞ്ചുപേര്‍ക്കുമാത്രം ജോലി നല്‍കി ബാക്കിയുള്ളവരെ പുറത്തുനിര്‍ത്താനാണ് ബോര്‍‍ഡ് തീരുമാനം. രണ്ട് ദിവസത്തിനുള്ളില്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ സമരപരിപാടികളിലേക്ക് കടക്കുമെന്ന് ജീവനക്കാരും വ്യക്തമാക്കി.

ജൈവ് എന്ന ജ്യൂസ് ഉല്‍പന്നങ്ങളടക്കം വിപണിയിലെത്തിച്ചിരുന്ന സര്‍ക്കാര്‍ പങ്കാളിത്തമുള്ള സ്ഥാപനമാണ് വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനി. കര്‍ഷകരില്‍നിന്നുള്ള പഴങ്ങള്‍ ശേഖരിച്ചും, പുറത്തുനിന്നെത്തിക്കുന്ന പഴങ്ങളുടെ പള്‍പ്പുകൊണ്ടുമാണ് ഉല്‍പന്നങ്ങള്‍ നിര്‍മിച്ചിരുന്നത്. നഷ്ടം കുമി‍ഞ്ഞുകൂടിയതോടെ പായ്ക്കിങ്ങിനുള്ള സാമഗ്രികള്‍പോലും വാങ്ങാന്‍ കഴിയുന്നില്ലെന്നാണ് കമ്പനി വിശദീകരണം. തൊഴിലാളികള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളവും നല്‍കിയിട്ടില്ല. ഇതോടെയാണ് ആകെയുള്ള 94 ജീവനക്കാരില്‍ ഇരുപത്തിയഞ്ചുപേരെമാത്രം നിലനിര്‍ത്തി ബാക്കിയുള്ളവരെ പുറത്തുനിര്‍ത്താന്‍ ബോര്‍ഡ് തീരുമാനിച്ചത്. ഓരോ മാസവും തവണ വ്യവസ്ഥയിലാകും തൊഴില്‍ നല്‍കുക. ഉല്‍പാദനം ഉള്ളപ്പോള്‍ ദിവസവേതന അടിസ്ഥാനത്തില്‍ ബാക്കിയുള്ളവര്‍ക്ക്  ജോലി നല്‍കാമെന്നാണ് കമ്പനി നിലപാട്. ഉല്‍പാദനം നടത്തി നഷ്ടം നികത്തുന്നതിന് പകരം കമ്പനി പൂട്ടിയിടാനാണ് അധികൃതരുടെ നീക്കമെന്ന് തൊഴിലാളികളും ആരോപിക്കുന്നു.

തൊഴിലാളികളുമായി ചര്‍ച്ച നടത്താന്‍ കമ്പനി തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. അടുത്ത ആഴ്ച തുടക്കത്തില്‍ ശക്തമായ സമരപരിപാടികള്‍ തുടങ്ങാനാണ് തൊഴിലാളികളുടെ തീരുമാനം.

MORE IN KERALA
SHOW MORE
Loading...
Loading...