11 വര്‍ഷത്തെ ഇടവേള; മടങ്ങി വരവ് ഏഷ്യന്‍ ചാംപ്യനായി; ഇത് ലിബാസിൻറെ വിജയകഥ

പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പവര്‍ലിഫ്റ്റിങ് മല്‍സര വേദിയിലേക്ക് തിരികെയെത്തി ഏഷ്യന്‍ ചാംപ്യനായിരിക്കുകയാണ് കൊച്ചി കലൂര്‍ സ്വദേശി ലിബാസ് സാദിഖ്. കഴിഞ്ഞ ദിവസം കസ്ഖ്സ്ഥാനില്‍ നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിലാണ് ലിബാസ് സ്വര്‍ണമണിഞ്ഞത്.  

നിശ്ചയദാര്‍ഡ്യവും പൊരുതാനുള്ള മനസുമുണ്ടെങ്കില്‍ വിജയം ഒപ്പം നില്‍ക്കുമെന്ന് തെളിയിക്കുകയാണ് ലിബാസ് സാദിഖ്. ആ പോരാട്ട വീര്യമാണ് പതിനൊന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം മല്‍സരവേദിയിലേക്ക് തിരികെ എത്തിയപ്പോഴും ലിബാസിനെ വിക്ടറി സ്റ്റാന്‍ഡില്‍ എത്തിച്ചത്. ഏഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിങ്ങില്‍ 84 കിലോ ഓപ്പണ്‍ വിഭാഗത്തിലാണ് ലിബാസിന്‍റെ സ്വര്‍ണനേട്ടം. 

സ്കൂള്‍ കോളജ് തലത്തില്‍ പവര്‍ലിഫ്റ്റിങ്ങില്‍ ദേശീയ ചാംപ്യനായിരുന്നു ലിബാസ്. വിവാഹത്തോടെ മല്‍സരവേദികളോട് വിട പറഞ്ഞ ഇവര്‍ രണ്ടു വര്‍ഷം മുന്പാണ് കായികരംഗത്തേക്ക് തിരികെ എത്തിയത്. 

മുന്‍ദേശീയ താരം കൃഷ്ണകുമാറാണ് പരിശീലകന്‍. അടുത്ത വര്‍ഷത്തെ ലോക പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ ലിബാസ്. ഉറച്ച പിന്തുണയുമായി ഭര്‍ത്താവ് സാദിഖും മക്കളും ഒപ്പമുള്ളിടത്തോളം ലോകചാംപ്യന്‍ഷിപ്പിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച വയ്ക്കുമെന്ന് ലിബാസ് പറയുന്നു.