കരയിപ്പിച്ച് സവാള വില; സംസ്ഥാനത്ത് 120 മുതൽ കയറ്റം

സംസ്ഥാനത്ത് സവാള വില വന്‍കുതിപ്പില്‍ തന്നെ. എറണാകുളം മാര്‍ക്കറ്റില്‍ ഇന്നത്തെ മൊത്തവ്യാപാര വില 120 രൂപയാണ്. 120 മുതല്‍ മുകളിലോട്ടാണ് ചില്ലറ വില്‍പനശാലകളിലെ വില. ചെറിയ ഉള്ളിയുടെ വില 140 കടന്നു. വില കൂടുന്നതിനൊപ്പം സവാളക്ക് ക്ഷാമവും അനുഭവപ്പെട്ടുതുടങ്ങി.  

പച്ചക്കറി കടകളില്‍ കിട്ടാക്കനിയുടെ റോളിലേക്കുള്ള യാത്രയിലാണ് സവാളയിപ്പോള്‍. എറണാകുളം മാര്‍ക്കറ്റിന്റെ ചരിത്രത്തില്‍ 85 രൂപയ്ക്കപ്പുറം സവാള വില കടന്നിട്ടില്ല. ഇന്ന് രാവിലെ മൊത്തവ്യാപാരകേന്ദ്രത്തില്‍ രേഖപ്പെടുത്തിയ സവാള വിലയാണ് കിലോയ്ക്ക് 120 ഇന്നലെ വൈകിട്ട് വരെ 106 രൂപയായിരുന്നു വില. കേരളത്തിലേക്ക് സവാളയെത്തിക്കുന്ന മഹാരാഷ്ട്ര മാര്‍ക്കറ്റിലെ വില കയറ്റത്തിന് ആനുപാതികമായി തന്നെയാണ് കേരളത്തിലെ മാര്‍ക്കറ്റുകളിലും വില വര്‍ധിക്കുന്നത്.

വില 120 കടന്നതോടെ  പച്ചക്കറി കച്ചവടക്കാരിലും പലരും സവാള ഉപേക്ഷിക്കാനുള്ള തയാറെടുപ്പില്‍ കൂടിയാണ്. ഇത്ര വില നല്‍കി വാങ്ങാന്‍ ആളെ കിട്ടുന്നില്ല. പ്രളയത്തില്‍ ഉത്തരേന്ത്യയിലാകമാനം കൃഷി നശിച്ചതാണ് സവാള ക്ഷാമത്തിലും വിലക്കയറ്റത്തിനും കാരണം. ജനുവരി പകുതിയാവാതെ സവാള വില കുറയില്ല എന്ന് തന്നെയാണ് കച്ചവടക്കാരുടെ സാക്ഷ്യം.