‘ആയുഷ്മാൻ ഭാരതി’ൽ നിന്നകന്ന് ശ്രീചിത്ര; രോഗികൾ ദുരിതത്തിൽ

sreechithra-web
SHARE

സാധാരണക്കാര്‍ക്ക് ആശ്വാസമായ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാതെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രി രോഗികളെ ദുരിതത്തിലാക്കുന്നു. ഇന്‍ഷുറന്‍സ് തുകയേക്കാള്‍ ഉയര്‍ന്ന ശ്രീചിത്രയിലെ നിരക്കിന്റെ പേരു പറഞ്ഞാണ് പദ്ധതിയില്‍ നിന്ന് സ്ഥാപനം  ഒഴിഞ്ഞു നില്‍ക്കുന്നത്. നിരക്ക്  ഇളവിനുള്ള നിബന്ധനകള്‍ നാളെ മുതല്‍ കര്‍ശനമാകുന്നതോടു കൂടി പാവപ്പെട്ടരോഗികള്‍ചികില്‍സയ്ക്കായി നെട്ടോട്ടമോടും. 

ശസ്ത്രക്രിയ ഉള്‍പ്പെടെ  ഹൃദ്രോഗ ചികില്‍സ, ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്ക് കേരളത്തിലെ ഏറ്റവും പ്രശസ്തമായ പേരാണ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ്  ടെക്‌നോളജിയുടേത്.  എന്നാല്‍ സര്‍ക്കാരിന്റെ ചികില്‍സാ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം ശ്രീചിത്രയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് ലഭിക്കുന്നില്ല.  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കിയ ആയുഷ്മാന്‍ ഭാരത്– കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ശ്രീചിത്ര ഇതുവരെ അംഗമാകാത്തതാണ് കാരണം. ഇന്‍ഷുറസ് ആയി ലഭിക്കുന്ന തുക ശ്രീചിത്രയിലെ ചികില്‍സാ നിരക്കിനേക്കാളും കുറവാണെന്നതാണ് ആശുപത്രി ഇതിന് നല്കുന്ന ന്യായീകരണം. സ്ഥാപനം പദ്ധതിയില്‍ അംഗമായിരുന്നെങ്കില്‍ അഞ്ചു ലക്ഷം രൂപവരെ രോഗികള്‍ക്ക് സഹായം ലഭിക്കുമായിരുന്നു. ഇതിനു പുറമെയാണ് ചികില്‍സാ ഇളവിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. സ്ഥിര വരുമാനം ഇല്ലാത്തവര്‍, സ്വന്തമായി വീടില്ലാത്തവര്‍ കുടുംബത്തില്‍ വിധവകള്‍ മാറാ രോഗികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഇത് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. തുടര്‍ന്ന്  വിജിലന്‍സ് പരിശോധന കൂടി കഴിഞ്ഞാലേ സൗജന്യ ചികില്‍സ  ലഭിക്കൂ. നേരത്തെ ബിപിഎല്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഹാജരാക്കിയാല്‍ നിരക്ക് ഇളവ് ലഭിക്കുമായിരുന്നു. . ആയുഷ്മാന്‍ ഭാരത് കാരുണ്യ പദ്ധതിയ്ക്കായുളള ശ്രമങ്ങള്‍ നടക്കുന്നുവെന്നും അനര്‍ഹരെ ഒഴിവാക്കാനാണ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നതെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. 

MORE IN KERALA
SHOW MORE
Loading...
Loading...