സിപിഎം ജില്ലാ സെക്രട്ടറി ‘പി.മോഹനൻ ഭഗവത്’; പേര് നോക്കി ചാപ്പ കുത്തുന്നു; കുറിപ്പ്

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന രാഷ്ട്രീയ കേരളത്തെ ചൂടുപിടിപ്പിക്കുകയാണ്. സംസ്ഥാനത്ത് ഇസ്്ലാമിക തീവ്രവാദമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല നിയമസഭയിലും ആവശ്യപ്പെട്ടിരുന്നു. ഇതിനൊപ്പം ഗൗരവമുള്ള ആരോപണവുമായി വി.ടി ബൽറാമും രംഗത്തെത്തി. മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന പി. മോഹനന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കിയിരുന്നു. 

‘മാവോയിസമെന്നത് കമ്മ്യൂണിസ്റ്റ് തീവ്രവാദമാണ്. ആ ചെറുപ്പക്കാരെ ആകർഷിച്ച പ്രത്യയശാസ്ത്രവും കമ്മ്യൂണിസമാണ്. അതിന് അപകടകരമായ തരത്തിൽ പിന്തുണ നൽകുന്നത് കോഴിക്കോട്ടെ ''മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാ"ണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറിയല്ല, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണ്. അങ്ങനെ തെളിവില്ല എങ്കിൽ അനാവശ്യമായി മനപൂർവ്വം വർഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരിൽ പി മോഹനനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണം.’ ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

പേര് നോക്കി ചാപ്പ കുത്തുന്നതാരാണെന്ന് ഇപ്പോൾ വ്യക്തമായില്ലേ?

നേരത്തെ ഒരു ജനകീയ സമരത്തിലെ മുസ്ലിം സാന്നിദ്ധ്യത്തെക്കുറിച്ച് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമെന്ന് ആക്ഷേപിച്ച അതേ കോഴിക്കോട്ടെ സിപിഎം തന്നെയാണ് ഇപ്പോൾ സ്വന്തം പാർട്ടിയിലെ മുസ്ലിം നാമധാരികളായ രണ്ട് വിദ്യാർത്ഥികളെ യുഎപിഎ നിയമമുപയോഗിച്ച് ജയിലിലിട്ട വിഷയത്തിലും ഇസ്ലാമിക തീവ്രവാദമെന്ന ചാപ്പയുമായി ഇറങ്ങിയിട്ടുള്ളത്. മാവോയിസമെന്നത് കമ്മ്യൂണിസ്റ്റ് തീവ്രവാദമാണ്. ആ ചെറുപ്പക്കാരെ ആകർഷിച്ച പ്രത്യയശാസ്ത്രവും കമ്മ്യൂണിസമാണ്. അതിന് അപകടകരമായ തരത്തിൽ പിന്തുണ നൽകുന്നത് കോഴിക്കോട്ടെ ''മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാ"ണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറിയല്ല, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണ്. അങ്ങനെ തെളിവില്ല എങ്കിൽ അനാവശ്യമായി മനപൂർവ്വം വർഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരിൽ പി മോഹനനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണം.

#പി_മോഹനൻ_ഭഗവത്