കൗതുകമുണർത്തി ഭീമൻ മണൽ ശിൽപം; കലോൽസവത്തിന് വ്യത്യസ്തമായ പ്രചാരണം

സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ ഭാഗമായി ഭീമൻ മണൽ ശിൽപ്പം നിർമിച്ചും പട്ടങ്ങൾ പറത്തിയും വ്യത്യസ്തമായ പ്രചാരണം. കലോൽസവത്തിന്റെ പ്രചാരണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി  അരങ്ങേറിയത്.

 അഞ്ചു മണിക്കൂർ കൊണ്ട് 40 കലകാരൻമാർ ചേർന്നാണ് വടക്കേ മലബാറിന്റെ കലാ മുദ്രയായ തെയ്യത്തിന്റെ ഈ മനോഹര മണൽ ശിൽപ്പം ബേക്കലിന്റെ തീരത്ത് ഒരുക്കിയത് . ഭഗവതി തെയ്യത്തിന്റെ മുപ്പത് മീറ്റർ നീളത്തിലുള്ള  രൂപമാണ് മണലിൽ തീർത്തത്.  നീളൻ കണ്ണുകളും അടയാഭരണങ്ങളും എല്ലാം സൂക്ഷ്മതയോടെത്തന്നെ ശിൽപ്പികൾ വരച്ചെടുത്തു. കേരളത്തിലാദ്യമായാണ് ഇത്രയും വലിയ മണൽ ശിൽപം നിർമിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

മണൽ ശിൽപ്പം മാത്രമല്ല പട്ടം പറത്തലും പ്രചാരണത്തിന്റെ ഭാഗമായി നടന്നു. വ്യത്യസ്ത നിറങ്ങളിൽ ചാലിച്ച ഏഴ് കൂറ്റൻ പട്ടങ്ങളാണ് ബേക്കലിന്റെ കടൽത്തീരത്ത് പാറിയത്. മുതിർന്നവരും കുട്ടികളും ഒരേ പോലെ പട്ടം പറത്തൽ ആസ്വദിച്ചു. സംഘാടന മികവിന്റെ മികച്ച ഉദാഹരണമായിരിക്കും ഇത്തവണത്തെ കലോൽസവമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

നാടൻപാട്ടടക്കമുള്ള കലാപരിപാടികളും ചടങ്ങിൽ അരങ്ങേറി.