കൊച്ചി മേയറെ മാറ്റണം; കോൺഗ്രസിൽ ചർച്ചകൾ വീണ്ടും സജീവം

kochi-mayor
SHARE

കൊച്ചി കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജയിനെ മാറ്റാനുളള ചര്‍ച്ചകള്‍ വീണ്ടും  കോണ്‍ഗ്രസില്‍ സജീവമായി . മേയര്‍ മാറുന്നതിനു മുന്നോടിയായി പാര്‍ട്ടിയുടെ നാല് സ്ഥിരം സമിതി അധ്യക്ഷന്‍മാരോടും രാജിവയ്ക്കാന്‍ ഡിസിസി പ്രസിഡന്‍റ് രേഖാമൂലം ആവശ്യപ്പെട്ടു. ശനിയാഴ്ചയ്ക്കകം രാജിവയ്ക്കണമെന്നാണ് നിര്‍ദേശം.

ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പെന്ന കടമ്പ കടന്നതോടെയാണ് മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജയിനെ മാറ്റാനുളള നീക്കങ്ങള്‍ വീണ്ടും എറണാകുളത്തെ കോണ്‍ഗ്രസ് നേതൃത്വം ശക്തമാക്കിയത്. പാര്‍ട്ടിയില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാതെ സ്വയം രാജിവയ്ക്കുന്നതാവും ഉചിതമെന്ന സന്ദേശം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ സൗമിനി ജയിന് നല്‍കിയെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളാരും തയാറായിട്ടില്ല. പാര്‍ട്ടി നേതൃത്വത്തിനു മുന്നില്‍ സൗമിനിയും  മനസ് തുറന്നിട്ടില്ല.

ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ നാല് സ്ഥിരം സമിതി അധ്യക്ഷന്‍മാരെയും രാജിവയ്പ്പിച്ച് മേയര്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്താനുളള പുതിയ നീക്കം. മൂന്നു ദിവസത്തിനകം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് സ്ഥിരം സമിതി അധ്യക്ഷ പദവിയിലുളള എ.ബി.സാബു,കെ.വി.പി.കൃഷ്ണകുമാര്‍,ഷൈനി മാത്യു,ഗ്രേസി ജോസഫ് എന്നിവര്‍ക്ക് ഡിസിസി പ്രസിഡന്‍റ് കത്ത് നല്‍കിയത്. എന്നാല്‍ രാജിവയ്ക്കുന്ന സ്ഥിരം സമിതി അധ്യക്ഷരാരും പുതിയ പദവികളിലേക്ക് വരാന്‍ പാടില്ലെന്ന നിര്‍ദേശം മേയര്‍ അനുകൂലികള്‍ മുന്നോട്ടുവയ്ക്കുമെന്ന് സൂചനയുണ്ട് . ഷൈനി മാത്യു മേയറാകുന്നത് തടയുകയാണ് ലക്ഷ്യം. സൗമിനി ജയിനെ കെപിസിസി ഭാരവാഹിയാക്കി പ്രശ്നം പരിഹരിക്കുകയെന്ന ആശയവും നേതൃത്വത്തിനു മുന്നിലുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...