കല്യാണയാത്ര ഒഴിവാക്കി; മാത്യുവിനെ ഒറ്റക്കാക്കി; കൃത്യമായ ആസൂത്രണം നടത്തി ജോളി

jolly-07-11
SHARE

കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയിലിനെ ജോളി കൊലപ്പെടുത്തിയത് കൃത്യമായ മുന്നൊരുക്കങ്ങളോടെയെന്ന് പൊലീസ്. മാത്യുവിന്റെ ഭാര്യ അന്നമ്മയോടൊപ്പം കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടിലെ കല്യാണയാത്ര ജോളി ഒഴിവാക്കി. മകന് സുഖമില്ലെന്നു പറഞ്ഞ് കല്യാണത്തിന് ജോളി പോയില്ല. മാത്യു മാത്രം വീട്ടിലുള്ളപ്പോഴാണ് ജോളി കൊലപാതകം നടത്താൻ തിരഞ്ഞെടുത്തതെന്നു പൊലീസ് കണ്ടെത്തി.

കേസ് അന്വേഷിക്കുന്ന കൊയിലാണ്ടി ഇൻസ്പെക്ടർ കെ.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ ജോളിയെ ഇന്നും നാളെയുമായി വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കും. റോയി വധക്കേസ് അന്വേഷണത്തിന്റെ ഭാഗമായി ജോളി ജോസഫിന്റെ ഒപ്പും കയ്യക്ഷരവും കോടതി ഇന്നലെ സാക്ഷ്യപ്പെടുത്തി.

റോയിയുടെ പിതാവ് ടോം തോമസിന്റെ പേരിലുള്ള ഭൂമി വ്യാജ ഒസ്യത്തു പ്രകാരം തന്റെ പേരിലാക്കി നികുതിയും മറ്റും അടയ്ക്കാനായി പഞ്ചായത്തിൽ നൽകിയ അപേക്ഷയുടെ പകർപ്പാണ് കയ്യക്ഷര തെളിവിനായി എഴുതി വാങ്ങിയത്.ജോളിയുടെ ബാങ്ക് ഇടപാടുകൾ, എൽഐസി പോളിസി തുക മാറ്റിയത് എന്നിവ സംബന്ധിച്ച കേസ് അന്വേഷണത്തിന്റെ ഭാഗം കൂടിയാണ് ഒപ്പും കയ്യക്ഷരവും കോടതി മുഖേന സാക്ഷ്യപ്പെടുത്തിയത്.

അഞ്ചു ദിവസത്തേക്കാണു ജോളിയെ പൊലീസ് കസ്റ്റഡിയിൽ നൽകിയത്. കൊയിലാണ്ടി ഗവ.താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു ശേഷം കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ ലോക്കപ്പിലാണു ജോളിയെ ഇന്നലെ താമസിപ്പിച്ചത്. ജോളിക്കു സയനൈഡ് കൈമാറിയ എം.എസ്.മാത്യുവിന്റെ പങ്കും മറ്റാരിൽ നിന്നെങ്കിലും സയനൈഡ് വാങ്ങിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നതോടൊപ്പം സയനൈഡിന്റെ ഉറവിടവും കണ്ടെത്തേണ്ടതുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...