കുടിവെള്ളം മുട്ടി ആലപ്പുഴ നഗരം; മന്ത്രിമാരുടെ ഓഫീസുകള്‍ക്ക് മുന്നില്‍ കിടപ്പുസമരം

drinkingwater-1
SHARE

ആലപ്പുഴ നഗരപരിധിയിൽ  കുടിവെള്ളം മുട്ടിയിട്ട് എട്ടുദിവസം. തകഴിയിൽ പൈപ്പ് പൊട്ടിയുണ്ടായ തകരാർ പരിഹരിക്കുന്നത് വൈകിയതോടെ പ്രതിഷേധം ശക്തമായി. സംസ്ഥാന പാത വെട്ടിപ്പൊളിക്കാൻ പൊതുമരാമത്തു വകുപ്പ് അനുമതി നൽകാത്തതാണ് പരിഹാരം നീളാൻ കാരണം. പ്രതിഷേധത്തിന്റെ ഭാഗമായി  മന്ത്രി ജി സുധാകരന്റെയും തോമസ് ഐസക്കിന്റെയും ഓഫീസുകൾക്ക് മുൻപിൽ  ബിജെപി കിടപ്പുസമരം  നടത്തി.

കുടിക്കാൻ വെള്ളമില്ലാതെ വന്നതോടെയാണ് മന്ത്രിമാരുടെ ഓഫീസുകൾക്ക് മുൻപിൽവരെ കിടപ്പുസമരം  വരെ തുടങ്ങിയത്. ആലപ്പുഴ നഗരസഭയിലും തൊട്ടടുത്ത എട്ടുപഞ്ചായത്തുകളിലുമായി രണ്ടര ലക്ഷം കുടുംബങ്ങളാണ് വലയുന്നത്. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ തകഴിയിൽ ആണ് പൈപ്പ് പൊട്ടിയത്. ആലപ്പുഴ കുടിവെള്ള പദ്ധതി ആരംഭിച്ചു രണ്ടുവർഷത്തിനിടെ  ഇത്‌ നാല്പത്തി മൂന്നാം തവണയാണ് പൈപ്പ് പൊട്ടുന്നത്. നിലവാരം കുറഞ്ഞ പൈപ്പുകൾ ഉപയോഗിച്ചതാണ് അടിക്കടി പൊട്ടാൻ കാരണമെന്ന് വ്യാപക പരാതിയുണ്ട്. മന്ത്രിമാർ തിരിഞ്ഞുനോക്കുന്നില്ലെന്നു ബിജെപി കുറ്റപ്പെടുത്തുന്നു  

പുതുതായി നിർമിച്ച പാത വെട്ടിപൊളിക്കുന്നതിന്  പൊതുമരാമത്തു വകുപ്പ് എതിരാണ്. ഇതുസംബന്ധിച്ച ചർച്ച മന്ത്രിതലത്തിൽ നടന്നേക്കും. പലതവണ ജലഅതോറിറ്റി റോഡ് കുഴിച്ചതോടെ തകഴിയിൽ ഒന്നരകിലോമീറ്ററോളം റോഡ് തകർന്നു കിടക്കുകയാണ്. ദാഹജലം കിട്ടാത്ത ഇടങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും  പര്യാപ്തമല്ല. പൈപ്പുകൾ പൂർണമായും തകർന്ന  ഒന്നരകിലോമീറ്റർ ദൂരത്തു ഇവ മാറ്റിസ്ഥാപിക്കാൻ  പതിനാറുകോടി രൂപ അനുവദിച്ചെങ്കിലും തുടർനടപടികളും ആയിട്ടില്ല. 

MORE IN KERALA
SHOW MORE
Loading...
Loading...