അഭീലിനു വിട: വിസിലുകളും ആര്‍പ്പുവിളികളുമില്ലാത്ത ലോകത്തേക്ക്; തോരാക്കണ്ണീര്‍

abheel-funeral
SHARE

18 ദിവസത്തിനു ശേഷം അഭീൽ വീട്ടിലെത്തി. പ്രിയപ്പെട്ടവർ ഒരു നോക്കു കണ്ടു. ഓടിക്കളിച്ച നടവഴികളിലൂടെ അഭീൽ അവസാനമായി യാത്ര ചെയ്തു. പാലാ നഗരസഭാ സ്റ്റേഡിയത്തിൽ  മത്സരത്തിനിടെ ഹാമർ തലയിൽ പതിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കറ്റു ചികിത്സയിലിരിക്കെ മരിച്ച ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂർ കുറിഞ്ഞാംകുളത്ത് അഭീൽ ജോൺസന്റെ (16) സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ  ജന്മനാട്ടിലെ സെന്റ് മാത്യൂസ് പള്ളിയിൽ നടന്നു.

കുറിഞ്ഞാംകുളത്ത് ജോൺസൺ ജോർജിന്റെയും ഡാർളിയുടെയും ഏകമകനായ അഭീൽ പാലാ സെന്റ് തോമസ് എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥിയാണ്. അഭീൽ പഠിച്ച സെന്റ് തോമസ് സ്കൂളിൽ 11.15നു മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ വെളുത്ത പൂക്കളുമായി തങ്ങളുടെ സഹപാഠിക്ക് അന്ത്യയാത്ര നൽകാൻ കൂട്ടുകാർ കാത്തുനിന്നു. മാർ ജേക്കബ് മുരിക്കൻ പ്രാർഥനാ ശുശ്രൂഷ നടത്തി. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ആർഡിഒ അനിൽ ഉമ്മൻ റീത്ത് സമർപ്പിച്ചു.

അഭീലിന് അപകടം സംഭവിച്ച പാലാ നഗരസഭാ സ്റ്റേഡിയത്തിനു മുന്നിലും അഭീൽ 10ാം ക്ലാസ് വരെ പഠിച്ച മൂന്നിലവ് നവജ്യോതി ഇംഗ്ലിഷ് മീഡിയം സ്കൂളിലും പൊതുദർശനത്തിനു വച്ചു. ചൊവ്വൂരിലെ വീട്ടിൽ എത്തിയപ്പോഴേക്കും നാടൊന്നായിഎത്തിയിരുന്നു. നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന, ഡാർളിയുടെ അമ്മ മേരിയെ ബന്ധുക്കൾ താങ്ങിപ്പിടിച്ചു കൊണ്ടുവന്നപ്പോൾ ആർത്തനാദം വീടാകെ പടർന്നു. ഡാർളിയുടെ ഏക മകനാണ് അഭീൽ എന്നതു പോലെ മേരിയുടെ ഏക മകളാണു ഡാർളിയും.

ജോൺസന്റെ അമ്മ അന്നമ്മയും മറ്റു ബന്ധുക്കളും കണ്ണീരടക്കാനാവാതെ തളർന്നിരുന്നു. മൂന്നു മണിയോടെ വീടിനു സമീപത്തെ സെന്റ് മാത്യൂസ് പള്ളിയിൽ വിലാപയാത്രയായി  എത്തിച്ചു. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി.എസ്.ഫ്രാൻസിസ്, മുൻ ബിഷപ് ഡോ.കെ.ജി.ഡാനിയൽ, വികാരി റവ. ബിജു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രാർഥനാ ശുശ്രൂഷ നടത്തി സംസ്കാരം നടത്തി. 

സംഘാടകരായ 5 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവർക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്നതു സംബന്ധിച്ച് പൊലീസ് നിയമവശങ്ങൾ പരിശോധിക്കുകയാണ്. ഇന്ന് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് ഡിവൈഎസ്പി കെ.സുഭാഷ് പറഞ്ഞു

MORE IN KERALA
SHOW MORE
Loading...
Loading...