യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും സംഘർഷം; എസ്എഫ്ഐക്കാർ തമ്മിലടിച്ചു; പരുക്ക്

sfi-university-college-fb
SHARE

യൂണിവേഴ്സിറ്റി കോളജിന്റെ സമാധാന അന്തരീക്ഷത്തിന് മേൽ കരിനിഴൽ വീഴ്ത്തി വീണ്ടും എസ്എഫ്ഐ പ്രവർത്തകർ ക്യാംപസിനുള്ളിൽ ഏറ്റുമുട്ടി.  ബോട്ടണി വിഭാഗത്തിലെ രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർഥികളാണ് തമ്മിലടിച്ചത്. വടികളുമായി നടത്തിയ അടിപിടിയിൽ പരുക്കേറ്റ രണ്ടാം വർഷ വിദ്യാർഥി അഖിൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷത്തെ തുടർന്നു പൊലീസ് കോളജിന് ഉള്ളിൽ കയറി . ഇതിന് പിന്നാലെ ക്ലാസ് അവസാനിപ്പിച്ചു. പരുക്കേറ്റ വിദ്യാർഥിയുടെ മൊഴിയിൽ റാഗിങ്ങിനും മർദനത്തിനും കന്റോൺമെന്റ് പൊലീസ് കേസെടുത്തു.

ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥിയുടെ പരുക്ക് ഗുരുതരമല്ലെന്നു പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഘർഷം . ബോട്ടണി ബിരുദ വിഭാഗത്തിലെ രണ്ടും മൂന്നും വർഷ വിദ്യാർഥികളാണ് ഏറ്റുമുട്ടിയത്.   ബോട്ടണിയിലെ എസ്എഫ്ഐ നേതൃത്വത്തിലുള്ള ഡിപ്പാർട്മെന്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിൽ എത്തിയത്. വാക്കു തർക്കത്തിനിടയിൽ  രണ്ടാം വർഷ വിദ്യാർഥികളെ മൂന്നാം വർഷക്കാർ മർദിക്കുകയായിരുന്നു.  കുറുവടിയും കമ്പുമായി രണ്ടാം വർഷക്കാരെ ഓടിച്ച് അടിച്ചു.

സംഭവം കൈവിട്ടു പോകുമെന്നു കണ്ടതോടെ കോളജിന് മുന്നിൽ ഉണ്ടായിരുന്ന പൊലീസ് ക്യാംപസിന് അകത്ത് കയറി. ഉടൻ തന്നെ കോളജിൽ ക്ലാസ് അവസാനിപ്പിച്ചു. അധ്യാപകരും നേതാക്കളും സ്ഥലത്ത് ഉള്ളപ്പോഴാണ് പ്രവർത്തകർ തമ്മിൽ തല്ലിയത്. പെൺകുട്ടികൾ അടക്കം നോക്കി നിൽക്കവേയായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ തമ്മിലടി. മൂന്നാം വർഷക്കാരുടെ അടിയും തൊഴിയുമേറ്റ അഖിലിനെ ആശുപത്രിയിൽ എത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.

അഖിലിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. മൂന്നാം വർഷ വിദ്യാർഥികളാണ് മർദനത്തിന് പിന്നിലെന്നു ഇയാൾ മൊഴി നൽകിയിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകൻ അഖിലിനെ കുത്തിവീഴ്ത്തിയ സംഭവത്തിന് പിന്നാലെ ആഴ്ചകൾക്ക് മുൻപ് കോളജിലെ വിദ്യാർഥികൾ ഏറ്റുമുട്ടിയിരുന്നു. കെട്ടിടത്തിന്റെ നടപ്പാതയിലൂടെ വണ്ടി ഓടിച്ചു കയറ്റിയതിനെ തുടർന്നുള്ള തർക്കമാണ് അന്നു സംഘർഷത്തിൽ കലാശിച്ചത്. 

കോളജ് സംഘർഷത്തിൽ ബോട്ടണി മൂന്നാം വർഷ വിദ്യാർഥികളായ നാലുപേരെ പ്രതികളാക്കി കന്റോൺമെന്റ് പൊലീസ് കേസെടുത്തു. പരുക്കേറ്റ അഖിലിന്റെ മൊഴിയിലാണ് കേസെടുത്തതെന്നു കന്റോൺമെന്റ് സിഐ അറിയിച്ചു. അനന്ദു ഷാജി, നിഥുൻ, അതുൽ, സിദ്ധാർഥ് എന്നീ മൂന്നാം വർഷ വിദ്യാർഥികൾക്കെതിരെയാണ് കേസ്. മർദനം , റാഗിങ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. 

MORE IN KERALA
SHOW MORE
Loading...
Loading...