പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; അന്വേഷണസംഘം വിപുലീകരിച്ചു

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിലെ വിജിലന്‍സ് അന്വേഷണസംഘം വിപുലീകരിച്ചു. രണ്ടു ഡിവൈഎസ്പിമാരെയും രണ്ടു സിഐമാരെയും കൂടി സംഘത്തിൽ ഉൾപ്പെടുത്തി. കൈക്കൂലിയായി കൈമാറിയ പണത്തിന്റെ വിനിയോഗം അടക്കം തെളിവുകള്‍ കണ്ടെത്താന്‍ വിപുലമായ അന്വേഷണം വേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ് തീരുമാനം.

ആദ്യഘട്ട അന്വേഷണവും നാലുപേരുടെ അറസ്റ്റും തെളിവെടുപ്പുകളും പൂര്‍ത്തിയായ ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കുന്നത്. നടന്ന ക്രമക്കേടുകളെക്കുറിച്ചും കൈക്കൂലിയായി കൈമാറിയ പണത്തെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ ഈ തുകയുടെ വിനിയോഗം അടക്കം തെളിവുകള്‍ ഇനി ശേഖരിക്കേണ്ടതുണ്ട്. കൂടാതെ കൂടുതല്‍ േപരുടെ പങ്ക് സംബന്ധിച്ച പരിശോധ‌നകളും നടക്കുകയാണ്. കൂടുതല്‍ അറസ്റ്റുകള്‍ ആ‌വശ്യായി വന്നാല്‍ അവയ്ക്കുള്ള തെളിവു ശേഖരിക്കുക, കൂടാതെ പ്രതികളുടെ ജാമ്യഹര്‍ജിയിലും കോടതികളില്‍ വരുന്ന മറ്റ് ഹര്‍ജികള്‍ക്കുള്ള വിശദീകരണങ്ങള്‍ തയ്യാറാക്കുക എന്നിങ്ങനെ ബൃഹത്തായ നടപടികള്‍ വേറെയുമുണ്ട്. ഈ സാഹചര്യത്തിലാണ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ അശോക് കുമാറിനെ സംഘത്തില്‍ നിലനിര്‍ത്തികൊണ്ട് തന്നെ പുതിയ ആളെ ചുമതലയില്‍ നിയോഗിച്ചത്. 

വിജിലന്‍സില്‍ പത്ത് വര്‍ഷത്തിലേറെ പ്രവവൃത്തിപരിചയമുള്ള തിരുവനന്തപുരം യൂണിറ്റിലെ ഡ‍ിവൈഎസ്പി ശ്യാം കുമാര്‍ ആണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍. കൂടാതെ കോട്ടയം യൂണിറ്റില്‍ നിന്നുള്ള ഡിവൈഎസ്പി എംകെ മനോജ്, രണ്ട് സിഐമാര്‍ എന്നിവരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയാണ് വിജിലൻസ്‌ഡയറക്ടർ ഉത്തരവിറക്കിയത്. അതേസമയം അന്വേഷണവിവരം ചോർത്തിയെന്ന് ആരോപിച്ച് സംഘത്തിലെ ASI ഇസ്മയിലിനെ രണ്ടാഴ്ച മുന്‍പ് വിജിലന്‍സില്‍ നിന്ന് നീക്കിയതും ഇപ്പോഴത്തെ നടപടിയുമായി ബന്ധമില്ലെന്ന് വിജിലൻസ് വൃത്തങ്ങൾ വിശദീകരിച്ചു.