'ഇത് അവസാന വാക്കാണോ'; ദേവികയുടെ ട്യൂഷൻ ക്ലാസിലെത്തി മിഥുൻ ചോദിച്ചത്

girl-fire-dead-10
SHARE

വിവാഹാഭ്യർഥന നിരസിച്ചതിനാണ് കൊച്ചിയില്‍ പതിനേഴുകാരിയെ യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വന്തം ദേഹത്തും പെട്രൊളൊഴിച്ച് ബൈക്കിലെത്തിയ മിഥുനും പൊള്ളലേറ്റ് മരിച്ചു. വീട്ടിൽ കടന്നുകയറി പെൺകുട്ടിയുടെ മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിന് മുൻപ് ദേവികയുടെ ട്യൂഷൻ സെന്ററിലും മിഥുൻ എത്തിയിരുന്നു. 

ബുധനാഴ്ച വൈകീട്ടാണ് മിഥുൻ ദേവികയെ കാണാൻ അത്താണിയിലുള്ള ട്യൂഷൻ സെന്ററിലെത്തിയത്. പ്രണയത്തിന് താത്പര്യമില്ലെന്ന് പറഞ്ഞിട്ടും 'ഇത് അവസാനത്തെ വാക്കാണോ' എന്നായിരുന്നു മിഥുന്റെ ചോദ്യം. 

പുറത്തുനിന്ന് ഒരാൾ ദേവികയെ വിളിക്കുന്നതു കണ്ട് ടീച്ചർ തന്നെയാണ് സംസാരിച്ചിട്ടു വരാൻ ദേവികയോടു പറഞ്ഞത്. മറ്റൊരു സുഹൃത്തും ദേവികയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു വീണ്ടും മിഥുൻ വന്ന് ചോദിച്ച കാര്യങ്ങൾ തന്നെ ആവർത്തിച്ചിട്ടു പോകുമ്പോൾ മനസിൽ കൊല്ലണമെന്ന ഉദേശമുണ്ടെന്നു കരുതിയില്ലെന്നു ട്യൂഷൻ ക്ലാസിലെ സഹപാഠി പറയുന്നു. 

ബുധനാഴ്ച ദേവികയുടെ സ്കൂളിലെത്തിയും മിഥുൻ ശല്യപ്പെടുത്തിയിരുന്നതായി സഹപാഠികളിൽ ഒരാൾ വെളിപ്പെടുത്തുന്നു. അപ്പോഴെല്ലാം പ്രണയത്തിന് താൽപര്യമില്ലെന്നായിരുന്നു ദേവികയുടെ മറുപടി. ഇവർ അമ്മ വഴി ബന്ധുക്കളാണെന്നു നേരത്തെ പറഞ്ഞിരുന്നു. ഇടയ്ക്ക് കാണാൻ വരുമായിരുന്നെന്നും അറിയാം. പക്ഷെ പ്രണയമായിരുന്നെന്നു കരുതുന്നില്ല എന്നാണ് സഹപാഠികൾ പറയുന്നത്.

ഏതാനും ദിവസങ്ങൾ മുൻപു മിഥുൻ ദേവികയ്ക്കു നൽകാൻ ഒരു മൊബൈൽ ഫോണുമായി വീട്ടിൽ വന്നതായി അയൽവാസികൾ പറയുന്നു. അന്ന് അത് വാങ്ങാതിരുന്ന ദേവികയെ ഇയാൾ മർദിക്കുകയും ചെയ്തിരുന്നു. തുടർന്ന് പിതാവ് ഷാലൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യം കൂടിയാണ് കൊലപാതകത്തിലേയ്ക്കു നയിച്ചത് എന്നാണ് പൊലീസ് കരുതുന്നത്.

അര്‍ധരാത്രി മിഥുനെത്തി വീടിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ ദേവികയുടെ അച്ഛൻ ഷാലന്‍ വാതിൽ തുറക്കുകയായിരുന്നു. അതിക്രമിച്ചു കടന്ന യുവാവ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ അഞ്ചാംക്ലാസുകാരിയായ അനിയത്തിയെയും കൂട്ടി ഇറങ്ങി ഒാടിയതിനാല്‍ രക്ഷപെട്ടു. ബോധരഹിതയായ മാതാവും ആശുപത്രിയില്‍ ചികില്‍സയിലാണ്. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...