സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം വിജയകരം, ഇനി കള്ളൻമാർ വിലസില്ല

police-technology
SHARE

തൃശൂർ: ജ്വല്ലറിയിൽ മോഷണശ്രമം നടന്നതറിഞ്ഞ് ഓടിയെത്തിയ എഎസ്ഐയോടും സംഘത്തിനോടും കമ്മിഷണർ ചോദിച്ചു, ‘എന്താ ഇവിടെ?’ ആൾക്കൂട്ടവും ആരവവും കണ്ട് സംഭവമെന്തെന്നു മനസിലാകാതെ എഎസ്ഐ തുളസീധരൻ പിള്ള പറഞ്ഞു, ‘സർ, ഇവിടെ മോഷണശ്രമം നടന്നതായി കൺട്രോൾ റൂമിൽ നിന്നറിയിപ്പ് കിട്ടി വന്നതാ..’ ചുറ്റുമുള്ളവർ കയ്യടിച്ചപ്പോൾ നാടകീയത വിടാതെ കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്ര പ്രഖ്യാപിച്ചു: ‘സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം വിജയിച്ചിരിക്കുന്നു!’ 

ബാങ്കുകളിലും ജ്വല്ലറികളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും മോഷണം തടയാനുള്ള ജാഗ്രതാ സംവിധാനം ഫലപ്രദമാണോ എന്നു പരീക്ഷിക്കുകയായിരുന്നു കമ്മിഷണർ. മോഷ്ടാക്കൾ അതിക്രമിച്ചു കടന്നാലുടൻ പൊലീസ് കൺട്രോൾ റൂമിൽ സിസിടിവി ദൃശ്യങ്ങളടക്കം അപായ മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനമാണ് സിഐഎംഎസ് അഥവാ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം.

തൃശൂരിൽ ആദ്യമായി  നടപ്പാക്കിയത് റെയിൽവേ സ്റ്റേഷനു സമീപത്തെ കെഎംജെ ജ്വല്ലറിയിൽ. പദ്ധതിയുടെ ഉദ്ഘാടനത്തിനു ശേഷം ഫലപ്രദമാണോ എന്നു നേരിട്ടു പരീക്ഷിക്കുകയായിരുന്നു കമ്മിഷണർ. ജ്വല്ലറിയിൽ സ്ഥാപിച്ച സെൻസറുകളിൽ നിന്നു ‘മോഷണവിവരം’ കൺട്രോൾ റൂമിലേക്കു പാഞ്ഞത് ആറേകാലോഓടെ. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ജ്വല്ലറിക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ ലഭ്യമായി. 6.17ന് വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് അറിയിപ്പ് കൈമാറി. സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട്മാപ്പും ഫോൺ നമ്പറും സഹിതമായിരുന്നു അറിയിപ്പ്. 

7 മിനിറ്റിനകം പൊലീസ് സ്ഥലത്തെത്തുമെന്നതാണു സിസ്റ്റത്തിന്റെ പ്രത്യേകതയെങ്കിലും പൂത്തോളിലെ ഗതാഗതക്കുരുക്കിൽ പൊലീസ് സംഘം കുരുങ്ങിയതോടെ കമ്മിഷണറും ജ്വല്ലറി ഉടമകളും അക്ഷമരായി. 6.35ന് പൊലീസ് സംഘമെത്തിയതോടെ ജാഗ്രതാ സംവിധാനത്തിന്റെ തുടക്കം വിജയകരമായി. സുരക്ഷാ ഭീഷണിയുള്ള സ്ഥാപനങ്ങൾക്കു പുറമേ വീടുകൾക്കും 24 മണിക്കൂറും സുരക്ഷയൊരുക്കുന്ന സംവിധാനമാണിത്. പൊലീസിന്റെ കുറ്റവാളിപ്പട്ടികയിൽപ്പെട്ടവർ സ്ഥാപനങ്ങളിലെത്തിയാൽ കയ്യോടെ പിടികൂടാൻ ‘ഫേസ് റെക്കഗ്നിഷൻ’ ക്യാമറകൾ സ്ഥാപിക്കാനും ലക്ഷ്യമ‍‍ിടുന്നതായി കമ്മിഷണർ അറിയിച്ചു.

പട്ടി കയറിയാൽ പൊലീസ് വരില്ല

സിഐഎംഎസ് ജാഗ്രതാ സംവിധാനത്തിലൂടെ അപായ മുന്നറിയിപ്പ് കൺട്രോൾ റൂമിൽ ലഭിച്ചാലും തൽസമയ ദൃശ്യങ്ങൾ പരിശോധിച്ച് മോഷണശ്രമമാണെന്ന് ഉറപ്പിച്ചാലേ പൊലീസ് സ്ഥലത്ത് എത്തൂവെന്ന് കമ്മിഷണർ. പട്ടിയോ പൂച്ചയോ എലിയോ മറ്റോ സ്ഥാപനത്തിനുള്ളിൽ കടന്നാലും സെൻസറുകൾ അപായ മുന്നറിയിപ്പ് മുഴക്കിയേക്കാം. അതുകൊണ്ടു തന്നെ സിസിടിവി തൽസമയ ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടേ കൺട്രോൾ റൂമിൽ നിന്ന് അതതു സ്റ്റേഷനുകളിലേക്കു സന്ദേശം നൽകൂ എന്ന് ജ്വല്ലറി ഉടമകളുടെ സംഘടനാ പ്രതിനിധികളോട് കമ്മിഷണർ അറിയിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...