ഇടത് എംപിമാർ ജയിച്ചത് കോൺഗ്രസ് വോട്ടുകൊണ്ട്; വ്യക്തമാക്കി പ്രേമചന്ദ്രൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രന്റെ പ്രസ്ഥാവനയാണ് സജീവമാകുന്നത്. രാജ്യത്ത് ഇടതുപക്ഷത്തിനുള്ള ആകെയുള്ള അഞ്ച് ലോക്സഭാ അംഗങ്ങളിൽ 4 പേരും ജയിച്ചത് കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും സഹായത്തോടെയാണെന്ന് പ്രേമചന്ദ്രൻ പറയുന്നു. ഇങ്ങനെയുള്ളവരാണ് ആർഎസ്പിക്ക് ഇടതുപക്ഷ നയവ്യതിയാനം സംഭവിച്ചുവെന്ന് വിമർശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്പി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളിൽ മത്സരിച്ച 41 സീറ്റുകളിൽ ഒന്നിൽ മാത്രമാണ് കെട്ടിവച്ച കാശു ലഭിച്ചത്. കേരളത്തിൽ ഒരു സീറ്റ് ലഭിച്ചത് യുഡിഎഫിന്റെ ചില പ്രവർത്തന വൈകല്യം മൂലമാണ്. ബിജെപിയെ എതിർക്കാൻ ഒന്നിച്ചു നിൽക്കേണ്ടതിനു പകരം കേരളത്തിലെ തിരഞ്ഞെടുപ്പ് നേട്ടം മാത്രമാണ് സംസ്ഥാനത്തു നിന്നുള്ള സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ ലക്ഷ്യം. മരടിലെ ഫ്ലാറ്റുകളുടെ പ്രശ്നത്തിൽ സർവകക്ഷി യോഗം വിളിക്കുന്നതിന് ആർഎസ്പി എതിരല്ല. എന്നാൽ, ഈ ഉത്സാഹമൊന്നും ശബരിമല വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.