സംസ്ഥാനത്ത് കെയർടേക്കർ സർക്കാരെന്ന് ചെന്നിത്തല; പാലായിൽ വാക്പോര്

പാലായിൽ അങ്കം മുറുക്കി എൽ ഡി എഫ്-യു ഡി എഫ് നേതാക്കളുടെ വാക്പോര്. കെയർടേക്കർ സർക്കാരാണ് സംസ്ഥാനത്ത് ഭരിക്കുന്നതെന്ന് രമേശ് ചെന്നിത്തലയുടെ പരിഹാസം. ജനവിധിയെ അപഹസിക്കുകയാണ്  ചെന്നിത്തലയെന്ന്  കാനം രാജേന്ദ്രന്‍ മറുപടി നല്‍കി.

പരസ്യ പ്രചരണം തീരാൻ ആറു നാൾ മാത്രം ശേഷിക്കെ പാലായിൽ അങ്കം മുറുക്കി മുന്നണികൾ .കെ എം മാണിയുടെ പേരും സഹതാപ തരംഗവും മാത്രം  വോട്ടാകില്ലെന്ന തിരിച്ചറിവിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് യുഡിഎഫ്. ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച സർക്കാരാണ് നാടു ഭരിക്കുന്നതെന്ന് രമേശ് ചെന്നിത്തല.

സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നാണ് കാനo രാജേന്ദ്രന്റെ ആത്മവിശ്വാസത്തോടെയുള്ള തിരിച്ചടി. കെ മുരളീധരൻ ഒരു പടി കൂടി കടന്ന് ഭൂരിപക്ഷവും പ്രവചിച്ചു. യു ഡി എഫ് സ്ഥാനാർഥി പതിനായിരം വോട്ടിന് ജയിക്കുo. 

കേരള കോൺഗ്രസിലെ തർക്കങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന ആത്മ വിശ്വാസത്തിലാണ് മുരളീധരന്റെ ഭൂരിപക്ഷ പ്രവചനമെങ്കിലും കാര്യങ്ങൾ അങ്ങനെയല്ല. പ്രചരണത്തിൽ പി ജെ ജോസഫ് സജീവമായി  ഉണ്ടാകില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണിയുടെ പ്രചാരണ യോഗത്തിൽ മാത്രമായി ജോസഫിന്റെ സാന്നിധ്യം ഒതുങ്ങാനാണ് സാധ്യത. ഞായറാഴ്ചയും വാഹന പര്യടനത്തിന്റെ തിരക്കിലാണ് മുഖ്യസ്ഥാനാർഥികൾ മൂവരും.